കണ്ണൂർ വി.സി നിയമനം റദ്ദാക്കിയ കോടതിവിധി സർക്കാറിന് തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി

പാലക്കാട്: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പദവിയിൽ ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത് റദ്ദാക്കിയ സുപ്രീംകോടതി വിധി സർക്കാറിന് തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാങ്കേതികമായി തെറ്റില്ലെന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ട്. സുപ്രീംകോടതി വിധിയിൽ ചാൻസലർ കൂടിയായ ഗവർണറെ കുറിച്ചാണ് പ്രതികൂല പരാമർശങ്ങൾ വന്നിരിക്കുന്നത്. സർക്കാറിന് തിരിച്ചടിയെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗോപിനാഥ് രവീന്ദ്രന്‍റെ പുനർനിയമനം നിയമപ്രകാരവും ചട്ടപ്രകാരവുമാണെന്ന് ഹൈകോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും വിധിച്ചതാണ്. ആ വിധിന്യായങ്ങളെ സുപ്രീംകോടതി പൂർണമായും ശരിവെച്ചിരിക്കുന്നുവെന്നാണ് മനസിലാക്കുന്നത് -മുഖ്യമന്ത്രി പറഞ്ഞു.

സുപ്രീംകോടതിയിലെ ഹരജിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒന്നാം എതിർകക്ഷിയായിരുന്നു. ഗവർണർ സത്യവാങ്മൂലവും സമർപ്പിച്ചിട്ടുണ്ട്. അതിൽ അദ്ദേഹം പറഞ്ഞ ഒരു കാര്യം ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചത് യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമായാണ് എന്നാണ്. നിയമിച്ച ചാൻസലറാണ് ഇത് പറഞ്ഞത്. ഇക്കാര്യം സുപ്രീംകോടതി അംഗീകരിച്ചില്ല.

പുനർനിയമനത്തിൽ നിലവിലെ യു.ജി.സി ചട്ടങ്ങൾ ഒന്നുംതന്നെ ലംഘിച്ചിട്ടില്ല. ചാൻസലറുടെ നിലപാട് അമ്പരപ്പിക്കുന്നുവെന്നാണ് ജഡ്ജിമാർ വിധിന്യായത്തിൽ പറഞ്ഞിരിക്കുന്നത്. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ച നിയമനാധികാരിയാണ് ചാൻസലർ കൂടിയായ ഗവർണർ. താൻ നിയമിച്ചത് യു.ജി.സി ചടങ്ങൾക്ക് വിരുദ്ധമാണ് എന്ന് പറഞ്ഞ് അദ്ദേഹം തന്നെ കോടതിയിലെത്തുകയാണ്. അങ്ങനെയല്ല എന്ന് സുപ്രീംകോടതി തിരുത്തുന്നു.

കണ്ണൂര്‍ സര്‍വ്വകലാശാല നിയമപ്രകാരം എക്സ് ഒഫിഷ്യോ പ്രോ ചാന്‍സലര്‍ ആണ് സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി. പ്രോ ചാന്‍സലര്‍ ചാന്‍സലര്‍ക്ക് എഴുതിയ കത്താണ് ബാഹ്യ സമ്മര്‍ദ്ദമായി വ്യാഖ്യാനിക്കുന്നത്. ഒരേ നിയമത്തിന്‍ കീഴില്‍ വരുന്ന രണ്ട് അധികാരികള്‍ തമ്മില്‍ നടത്തുന്ന കത്തിടപാടുകള്‍ എങ്ങിനെ ബാഹ്യസമ്മര്‍ദ്ദമാകും? സുപ്രീംകോടതി വിധി വന്നശേഷവും പുനർനിയമനം നിയമവിരുദ്ധമാണെന്നാണ് ചാൻസലർ പറഞ്ഞുകൊണ്ടിരിക്കുന്നത്. ചാൻസലർ വസ്തുതകളെ തെറ്റായി അവതരിപ്പിച്ചതാണ് അദ്ദേഹം തന്നെ നടത്തിയ നിയമനത്തെ കുറിച്ച് സുപ്രീംകോടതിയിൽ നിന്ന് വന്ന വിധിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വി.സി നിയമനത്തിൽ സർക്കാർ അനാവശ്യ ഇടപെടലുകൾ നടത്തിയെന്നും, ഇത് അംഗീകരിച്ച ഗവർണർ തന്‍റെ ഭരണഘടനാപരമായ അധികാരം അടിയറവ് വെച്ചുവെന്നും നിരീക്ഷിച്ചാണ് ഇന്നലെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഗോപിനാഥ് രവീന്ദ്രന്‍റെ പുനർനിയമനം റദ്ദാക്കിയത്. 

Tags:    
News Summary - court verdict canceling the Kannur VC appointment is not a setback for the government CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.