കാഞ്ഞങ്ങാട്: പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി എ. പീതാംബരൻ കോടതിയിൽ കുറ്റം നിഷേധിച്ചു. താൻ കുറ്റം ചെയ്തിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ് ഥൻ ഭീഷണിപ്പെടുത്തി സമ്മതിപ്പിച്ചതാണെന്നും സി.പി.എം പെരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന പീതാംബരൻ ഹോസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ പറഞ്ഞു. പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പീതാംബരൻ കുറ്റം നിഷേധിച്ചത്.
ആരോഗ്യപ്രശ്നം വല്ലതുമുണ്ടോയെന്ന് മജിസ്ട്രേറ്റ് വിദ്യാധരൻ ചോദിച്ചപ്പോൾ രക്താതിസമ്മർദ്ദമുണ്ടായിരുന്നുവെന്നും ഇപ്പോൾ ഇല്ലെന്നും പീതാംബരൻ മറുപടിനൽകി. അതിനുശേഷം മറ്റെെന്തങ്കിലും പറയാനുണ്ടോയെന്ന് ആരാഞ്ഞപ്പോഴാണ് താൻ കുറ്റം ചെയ്തിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്നും പീതാംബരൻ പറഞ്ഞത്. അതേസമയം, പാർട്ടിയിൽനിന്ന് ഭീഷണിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് കേസിലെ രണ്ടാം പ്രതി സജി സി. ജോർജ് പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. കോടതി നടപടി പൂർത്തിയാക്കി പൊലീസ് വാഹനത്തിൽ കയറ്റാൻ കൊണ്ടുപോകുന്നതിനിടെയാണ് രണ്ടാം പ്രതി സജി സി. ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ, പീതാംബരൻ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായില്ല. രണ്ടു പ്രതികളെയും കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കേണ്ടതുെണ്ടന്ന് അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞു. അതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടു. കേസിെൻറ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം പ്രതികളെ കസ്റ്റഡിയിൽ ആശ്യപ്പെട്ട് അടുത്തദിവസം കോടതിയെ സമീപിക്കും. അതിനിടെ, കാസർകോട് കലക്ടറേറ്റിൽ ചൊവ്വാഴ്ച രാവിെല മന്ത്രി ഇ. ചന്ദ്രശേഖരെൻറ അധ്യക്ഷതയിൽ സമാധാനയോഗം വിളിച്ചുചേർത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.