ഇസ്മായിൽ, ഫിറോസ്
തലശ്ശേരി: ആദ്യ വിവാഹബന്ധം നിലനിൽക്കെ രണ്ടാം വിവാഹത്തിനൊരുങ്ങിയ സഹോദരിയെ വെട്ടിക്കൊന്ന കേസിൽ വിചാരണ നേരിട്ട രണ്ടു സഹോദരന്മാർ കൊലക്കുറ്റത്തിന് ശിക്ഷാർഹരാണെന്ന് കോടതി കണ്ടെത്തി. ഉളിയിൽ പുതിയപുരയിൽ കെ.വി. ഇസ്മായിൽ (38), പുതിയപുരയിൽ ഫിറോസ് (34) എന്നിവരെയാണ് തലശ്ശേരി ഒന്നാം അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി ഫിലിപ് തോമസ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
ഇവർക്കുള്ള ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും. ഇരുവരുടെയും സഹോദരി പടിക്കച്ചാലിലെ ഷഹത മൻസിലിൽ ഖദീജയാണ് (28) കൊല്ലപ്പെട്ടത്. ഖദീജയുടെ രണ്ടാം ഭർത്താവ് കോഴിക്കോട് ഫറോക്കിലെ കോടമ്പുഴ ഷാഹുൽ ഹമീദിനെ (43) കൊലപ്പെടുത്താൻ ശ്രമിച്ചു എന്നും കേസുണ്ട്. പഴശ്ശി കുഴിക്കലിലെ ജസീല മൻസിലിൽ കെ. നൗഷാദാണ് ഖദീജയുടെ ആദ്യ ഭർത്താവ്.
ഈ ബന്ധത്തിൽ രണ്ട് പെൺമക്കളുണ്ട്. ഇതിനിടയിലാണ് ഷാഹുൽ ഹമീദുമായി യുവതി സ്നേഹത്തിലായത്. ഈ ബന്ധം ഒഴിവാക്കാനായി പറഞ്ഞെങ്കിലും പിന്മാറാത്തതിലുള്ള വിരോധമാണ് കൊലക്ക് കാരണമായി ആരോപിച്ചത്. 2012 ഡിസംബർ 12ന് ഉച്ചക്ക് 12 മണിയോടെയാണ് കേസിനാധാരമായ സംഭവം. രണ്ടാം വിവാഹം നടത്താമെന്ന വ്യാജേന ആദ്യ വിവാഹം തലാഖ് നടത്തി ഖദീജയെയും ഷാഹുൽ ഹമീദിനെയും നാട്ടിൽ എത്തിച്ചശേഷമാണ് കൊലയും കൊലപാതക ശ്രമവും നടന്നത്. അഡീഷനൽ ജില്ല ഗവ. പ്ലീഡർ അഡ്വ. കെ. രൂപേഷാണ് പ്രോസിക്യൂഷനുവേണ്ടി വാദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.