ആലപ്പുഴ: നവകേരള യാത്രക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ അറസ്റ്റിലായ ഗൺമാൻ അടക്കമുള്ളവരുടെ ജാമ്യാപേക്ഷയിൽ കോടതി വാദം കേട്ടു. ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. നരഹത്യാ കേസ് ചുമത്തിയതിനെ പ്രതിഭാഗം ചോദ്യം ചെയ്തു.ഗുരുതര മുറിവുകൾ ഉണ്ടായിട്ടില്ലെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. അതേസമയം, കോടതി ഒന്നും കാണുന്നില്ലേ എന്നും കോടതിയുടെ പക്കലുള്ളത് ആക്രമണത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണെന്നും വാദി ഭാഗം പറഞ്ഞു.
നിസാര പരിക്കല്ലേ ഉള്ളതെന്നാണ് വാദി ഭാഗത്തോട് കോടതി ചോദിച്ചത്. ആദ്യം വന്ന മെഡിക്കൽ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കോടതി സംശയമുന്നിച്ചത്. മുറിവ് സംബന്ധിച്ച് കൂടുതൽ തെളിവുകൾ ഉണ്ടോ എന്ന് കോടതി ചോദിച്ചു.
പ്രതിഭാഗത്തിനു നേരെയും കോടതി ചോദ്യമുന്നയിച്ചു. ഗൺമാൻമാരുടെചുമതല മുഖ്യമന്ത്രിയുടെ സംരക്ഷണം മാത്രമല്ലേ എന്നും പുറത്തെ പ്രശ്നങ്ങളിൽ ഇടപെടണോ എന്നുമായിരുന്നു ചോദ്യം. മെഡിക്കൽ റിപ്പോർട്ട് വരുന്നതിനു മുമ്പ് 308 വകുപ്പ് ചേർക്കണമായിരുന്നോ എന്ന് കോടതി എസ്.ഐ.ടിയോട് ചോദിച്ചു.
ജാമ്യ ഹരജിയിലെ വാദം ശനിയാഴ്ചയും തുടരും. ആക്രമണത്തിൽ പൊലീസ് പകർത്തിയ ദൃശ്യങ്ങൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ഇടപെട്ടതെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. അതേസമയം, പ്രാദേശിക പൊലീസ് പ്രവർത്തകരെ പിടിച്ചു മാറ്റിയ ശേഷവും ഗൺമാൻ അടക്കമുള്ളവർ മർദിക്കുകയായിരുന്നുവെന്നാണ് വാദി ഭാഗം പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.