‘കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട, കോർപ്പറേറ്റ് മാധ്യമ മുതലാളി ബി.ജെ.പിയെ വിലക്ക് വാങ്ങി’; പരിഹസിച്ച് സന്ദീപ് വാര്യർ

കോഴിക്കോട്: മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ ബി.ജെ.പി സംസ്ഥാന അധ്യക്ഷനാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ ബി.ജെ.പിയെ പരിഹസിച്ച് കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ.

കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ടെന്നും കോർപ്പറേറ്റ് മാധ്യമ മുതലാളി ബി.ജെ.പി.യെ വിലക്ക് വാങ്ങിയെന്നും സന്ദീപ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപിന്‍റെ പരിഹാസം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ പ്രവർത്തനം നിർത്തി എന്ന് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട് പിണങ്ങിപ്പോയ ജി സംസ്ഥാന പ്രസിഡന്‍റായി വരുന്നു. അന്ന് ജിയെ കാലു വാരിയ സംസ്ഥാന ജില്ലാ അധ്യക്ഷന്മാർക്കൊക്കെ എട്ടിന്‍റെ പണി കിട്ടാനാണ് സാധ്യതയെന്നും പോസ്റ്റിൽ പറയുന്നുണ്ട്.

ഞായറാഴ്ച ചേർന്ന ബി.ജെ.പി കോർ കമ്മിറ്റി യോഗമാണ് രാജീവ് ചന്ദ്രശേഖറിനെ അധ്യക്ഷനായി നിർദേശം ചെയ്തത്. ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിലുണ്ടാകും. എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍, വി. മുരളീധരന്‍ എന്നിവരും സാധ്യത പട്ടികയിലുണ്ടായിരുന്നു. അഞ്ച് വർഷമായി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരുന്ന കെ. സുരേന്ദ്രൻ സ്ഥാനമൊഴിയും.

കേരളത്തിൽ പുതിയൊരു മുഖം നേതൃസ്ഥാനത്തേക്ക് വരട്ടെയെന്ന ദേശീയ നേതൃത്വത്തിന്‍റെ നിലപാടാണ് രാജീവ് ചന്ദ്രശേഖറിന് അനുകൂലമായത്. സാമുദായിക നേതാക്കളുമായി രാജീവ് ചന്ദ്രശേഖറിനുള്ള അടുപ്പവും കേന്ദ്ര നേതൃത്വം പരിഗണിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ കോൺഗ്രസിന്‍റെ ശശി തരൂരിനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം;

കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട. കോർപ്പറേറ്റ് മാധ്യമ മുതലാളി ബിജെപിയെ വിലക്ക് വാങ്ങി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ പ്രവർത്തനം നിർത്തി എന്ന് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ട് പിണങ്ങിപ്പോയ ജി സംസ്ഥാന പ്രസിഡണ്ടായി വരുന്നു. അന്ന് ജിയെ കാലു വാരിയ സംസ്ഥാന ജില്ലാ അധ്യക്ഷൻമാർക്കൊക്കെ എട്ടിന്‍റെ പണി കിട്ടാനാണ് സാധ്യത.

ശബരിമല സമരകാലത്ത് ഏഷ്യാനെറ്റ് സ്വീകരിച്ച നിലപാട് , ഏറ്റവും ഒടുവിൽ കുംഭമേള... ഇതൊക്കെ എളുപ്പം മറക്കാൻ ബിജെപി പ്രവർത്തകർക്ക് എങ്ങനെ കഴിയും ?

ഇ പി ജയരാജന്റെ വൈദേഹം റിസോർട്ടിൽ പങ്കാളിത്തം ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ബിജെപി സംസ്ഥാന പ്രസിഡണ്ട്. ആഹാ. സിപിഎം ബിജെപി ബന്ധത്തിന് ഇതിലും വലിയ സ്ഥിരീകരണം ഉണ്ടോ ?

കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാണ് കേരള ബിജെപി.

Full View
Tags:    
News Summary - 'Corporate media tycoon bought BJP' -Sandeep Varier mocks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.