തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് നടത്തിയ ക്ഷേത്രപ്രവേശന വിളംബരദിന വാര്‍ഷികാഘോഷത്തിന് അമിത രാജഭക്തിനിറഞ്ഞ, വിവാദ നോട്ടീസ് തയാറാക്കിയ ബോര്‍ഡിന്റെ സാംസ്കാരിക-പുരാവസ്തു വകുപ്പ് ഡയറക്ടര്‍ പി. മധുസൂദനന് നായരെ സ്ഥലംമാറ്റി. ഹരിപ്പാട് ഡെപ്യൂട്ടി കമീഷണറായാണ് മാറ്റം. ഹരിപ്പാട് ഡെപ്യൂട്ടി കമീഷണര്‍ റെജിലാലാണ് പുതിയ സാംസ്കാരിക വകുപ്പ്, പുരാവസ്തു വിഭാഗം ഡയറക്ടര്‍. സംഭവം ബോര്‍ഡിന് അവമതിപ്പുണ്ടാക്കിയെന്നും അനാവശ്യ വിവാദത്തിന് ഇടയാക്കിയെന്നുമാണ് ദേവസ്വം സെക്രട്ടറി ജി. ബൈജു നല്കിയ റിപ്പോര്‍ട്ടിലുള്ളത്. റിപ്പോര്‍ട്ട് ചര്‍ച്ചചെയ്താണ് ദേവസ്വം ബോര്‍ഡ് നടപടിയെടുത്തത്. സ്ഥലംമാറ്റത്തിന് പിന്നാലെ മധുസൂദനന് നായര്‍ 30 ദിവസത്തെ അവധിയില്‍ പ്രവേശിച്ചു.
കെ. അനന്തഗോപന്‍ പ്രസിഡന്റായ ബോര്‍ഡിന്റെ തിങ്കളാഴ്ച ചേര്‍ന്ന അവസാന യോഗത്തിലാണ് നടപടി. ക്ഷേത്രപ്രവേശനത്തെ മഹാരാജാവ് നല്കിയ ഔദാര്യമായി പരാമര്‍ശിക്കുന്ന നോട്ടീസിനെച്ചൊല്ലി സി.പി.എമ്മിലും സമൂഹമാധ്യമങ്ങളിലും രൂക്ഷവിമര്‍ശനം ഉയര്‍ന്നതോടെ നടപടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡ് നിര്‍ബന്ധിതമാകുകയായിരുന്നു. ദേവസ്വംമന്ത്രി കെ. രാധാകൃഷ്ണനും കടുത്ത നിലപാടെടുത്തു.
തിങ്കളാഴ്ച രാവിലെ നടന്ന വാര്‍ഷികാഘോഷത്തിന് വിളക്ക് തെളിക്കേണ്ടിയിരുന്ന തിരുവിതാംകൂര്‍ കൊട്ടാരത്തിലെ പൂയംതിരുനാള്‍ ഗൗരീപാര്വതീഭായി, അശ്വതി തിരുനാള്ഗൗരി ലക്ഷ്മീഭായി എന്നിവര്‍ വിവാദത്തെത്തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുത്തില്ല. അനാവശ്യ വിവാദത്തിലേക്ക് തങ്ങളെ വലിച്ചിഴച്ചെന്നായിരുന്നു കൊട്ടാരത്തിന്റെ വിമര്‍ശനം. രാവിലെ എത്തിയ മധുസൂദനന്‍നായരെ ചടങ്ങില്‍ പങ്കെടുപ്പിക്കാതെ ദേവസ്വം ബോര്‍ഡ് തിരിച്ചയച്ചു. ദലിത് സംഘടനകളുടെ പ്രതിഷേധംകൂടി കണക്കിലെടുത്തായിരുന്നു ഇത്. നെയ്യാറ്റിന്‍കര ഗ്രൂപ്പില്‍ ജോലി ചെയ്യവേ മോശമായി പെരുമാറിയതിന് ഇദ്ദേഹത്തെ നേരത്തേ താക്കീത് ചെയ്തിട്ടുണ്ട്. മോശം പെരുമാറ്റം സംബന്ധിച്ച് സാംസ്കാരിക വകുപ്പിലെ ജീവനക്കാര്‍ അടുത്തിടെ പ്രസിഡന്റിന് പരാതി നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.