കൊച്ചി: ഭൂമിതരംമാറ്റം ക്രമപ്പെടുത്താൻ ഈടാക്കുന്ന ഫീസിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട ഉത്തരവ് നടപ്പാക്കാത്തതിന് ചീഫ് സെക്രട്ടറിയടക്കം അഞ്ച് ഐ.എ.എസ് ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടി.
നെൽവയൽ, തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം തരംമാറ്റം ക്രമപ്പെടുത്താനുള്ള ഫീസിനത്തിൽ 2024 ഡിസംബർ ഒന്നു മുതൽ സമാഹരിച്ച തുക കൃഷി വികസന ഫണ്ടിൽ നിക്ഷേപിക്കണമെന്ന 2024 നവംബർ 28ലെ കോടതി ഉത്തരവ് പാലിച്ചില്ലെന്നാരോപിക്കുന്ന ഹരജിയിലാണ് ഹൈകോടതിയുടെ നടപടി. സംസ്ഥാന ചീഫ് സെക്രട്ടറി എ. ജയതിലക്, അന്നത്തെ റവന്യു സെക്രട്ടറി അരവിന്ദ് ശ്രീവാസ്തവ, ധനകാര്യ സെക്രട്ടറിയായിരുന്ന കേശവേന്ദ്ര കുമാർ, കാർഷികോൽപാദന കമീഷണറായിരുന്ന ടിങ്കു ബിസ്വാൾ, ലാൻഡ് റവന്യൂ കമീഷണറായിരുന്ന അർജുൻ പാണ്ഡ്യൻ എന്നിവർക്കെതിരെയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായി കുറ്റം ചുമത്തിയത്.
ഇവരിൽനിന്ന് വിശദീകരണം തേടിയ കോടതി, തൽക്കാലം നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കി. നെൽവയൽ, തണ്ണീർത്തട സംരക്ഷണ നിയമത്തിലെ 27 എ വകുപ്പനുസരിച്ച് ഫീസിനത്തിൽ പിരിക്കുന്ന തുക കൃഷി വികസന ഫണ്ടിലേക്ക് കൈമാറണമെന്ന വ്യവസ്ഥ പാലിക്കണമെന്നായിരുന്നു തൃശൂർ സ്വദേശി ടി. എൻ. മുകുന്ദൻ സമർപ്പിച്ച ഹരജിയിൽ കോടതിയുടെ ഉത്തരവ്. തുക കൈമാറാൻ സമയക്രമവും നിശ്ചയിച്ചിരുന്നു.
ഈയിനത്തിൽ സമാഹരിച്ച 1678.66 കോടി രൂപ (ഇപ്പോൾ 2000 കോടിക്ക് മുകളിൽ) ഫണ്ടിലേക്ക് കൈമാറുന്നതിൽ ഇളവ് തേടി ധനകാര്യ സെക്രട്ടറി സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ, മുൻ ഉത്തരവിനെതിരെ പുനഃപരിശോധന ഹരജിയോ നടപ്പാക്കാൻ കൂടുതൽ സമയം തേടിയുള്ള ഹരജിയോ സമയപരിധിക്കുള്ളിൽ നൽകിയിരുന്നില്ല. ഇങ്ങനെ കോടതി ഉത്തരവിനെ അവഗണിച്ച സാഹചര്യത്തിൽ പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യം നിലനിൽക്കും.
കോടതിയലക്ഷ്യ ഹരജി ഫയലിൽ സ്വീകരിച്ച കോടതി, കുറ്റാരോപണങ്ങൾക്ക് മറുപടി നൽകാൻ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവിടുകയായിരുന്നു. ഹരജി ജനുവരി അഞ്ചിന് വീണ്ടും പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.