ബ്രൂവറി യൂനിറ്റിനെതിരെ സമരമുഖം തുറന്ന് കോൺഗ്രസ്; പദ്ധതി പ്രദേശത്ത് കൊടികുത്തി

പാലക്കാട്: കഞ്ചിക്കോട് സ്വകാര്യ കമ്പനിക്ക് ബ്രൂവറി-ഡിസ്റ്റ്ലറി യൂനിറ്റിന് അനുമതി നൽകിയതിൽ പിണറായി സർക്കാറിനെതിരെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ നിർദിഷ്ട ബ്രൂവറി പദ്ധതി പ്രദേശത്ത് കോൺഗ്രസ് കൊടികുത്തി. പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠന്‍റെ നേതൃത്വത്തിൽ സ്ത്രീകളടക്കം കോൺഗ്രസ് പ്രവർത്തകരാണ് കൊടികുത്തിയത്. പ്രതിഷേധ പരിപാടിയിൽ പ്രദേശവാസികളും പങ്കെടുത്തു. 

ബ്രൂവറി യൂനിറ്റ് വേണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി മാധ്യമങ്ങളോട് പറഞ്ഞു. വർഷങ്ങളായി എലപ്പുള്ളി പഞ്ചായത്ത് ഭരിച്ചിരുന്നത് സി.പി.എം ആണ്. കഴിഞ്ഞ മൂന്നര വർഷമായി സി.പി.എമ്മിന് ഭരണം നഷ്ടമായി. എന്തും ചെയ്യാമെന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചിരുന്നത്. അമ്മമാർ അടക്കമുള്ളവരുടെ പ്രതിഷേധത്തെ തുടർന്നാണ് ഒന്നാം പിണറായി സർക്കാർ ബീയർ കമ്പനിക്ക് നൽകിയ അനുമതി പിൻവലിച്ചത്.

2018ൽ എലപ്പുള്ളി പഞ്ചായത്തിൽ പദ്ധതി അനുവദിച്ചപ്പോൾ ഡി.സി.സി അധ്യക്ഷനായ തന്‍റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അന്ന് ന്യായീകരണവുമായി രംഗത്തെത്തിയ സി.പി.എം നേതാക്കൾക്കെതിരെ വീടിന് മുമ്പിൽ അമ്മമാര്‍ ചൂലുമായി നിന്നിട്ടുണ്ട്. ആരാണ് ബീയർ കമ്പനി കൊണ്ടു വരുന്നതെന്ന് അറിയാൻ അമ്മമാർ കാത്തിരിക്കുകയാണ്. നല്ല ചുണയുള്ള അമ്മമാരുള്ള നാടാണിതെന്നും വി.കെ ശ്രീകണ്ഠൻ വ്യക്തമാക്കി.

വിഡ്ഢികളുടെ സ്വർഗലോകത്തുള്ള മന്ത്രി എം.ബി രാജേഷ് മദ്യകമ്പനിയെ ന്യായീകരിച്ചത് കോടിക്കണക്കിന് അഴിമതി പണം കൈപറ്റിയതിന്‍റെ തെളിവാണ്. വാട്ടർ അതോറിറ്റി വെള്ളം കൊടുക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുള്ളത്. പച്ചവെള്ളം കുടിക്കാനില്ലാതെ ജനങ്ങൾ കുടിവെള്ളത്തിനായി അലയുമ്പോൾ ലോറിയിൽ വെള്ളം കൊണ്ടുവരാമെന്ന് പറയുന്ന മന്ത്രിക്ക് നാണവും മാനവുമുണ്ടോ?.

10 വർഷം എം.പിയായിരുന്ന ആളാണ് എക്സൈസ് മന്ത്രി. സ്വന്തം ജില്ലയിലെ കാര്യങ്ങൾ അറിയാനോ പഠിക്കാനോ തയാറാകാതെ ഭരണാധികാരി പ്രവർത്തിക്കുകയാണ്. ഇതാണ് സിംഗൂരിലും നന്ദിഗ്രാമിലും ഉണ്ടായത്. പദ്ധതിക്കെതിരെ പ്രതികരിക്കാനും പ്രതിഷേധിക്കാനും നാട്ടിലെ ജനങ്ങൾക്ക് അവകാശമുണ്ട്. മല്‍ഹോത്ര കുടുംബം അല്ല പിണറായിയുടെ കുടുംബവും മന്ത്രിസഭാംഗങ്ങളും വന്നാലും ഈ മണ്ണിൽ കാലുകുത്തിക്കില്ലെന്നും വി.കെ ശ്രീകണ്ഠൻ വ്യക്തമാക്കി.  

അതേസമയം, കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ എ​ല​പ്പു​ള്ളി​യി​ൽ സ്വകാര്യ കമ്പനിക്ക് മ​ദ്യ​നി​ർ​മാ​ണ​ശാ​ല അ​നു​വ​ദി​ച്ച​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശക്തമാക്കി എ​ല​പ്പു​ള്ളി ഗ്രാമപഞ്ചായത്തും. വിവാദ വിഷയം ചർച്ച ചെയ്യാൻ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗം വിളിച്ചു. നാളെയാണ് യോഗം നടക്കുക. സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഭരണസമിതി പ്രത്യേക പ്രമേയം പാസാക്കുമെന്നും പ്രമേയം സർക്കാറിന് കൈമാറുമെന്നും പ്രസിഡന്‍റ് കെ. രേവതി ബാബു മാധ്യമങ്ങളെ അറിയിച്ചു.

Tags:    
News Summary - Congress start protest against Kanjikode Brewery Plant Controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.