കോഴിക്കോട്: സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ കോൺഗ്രസിൽ കടുത്ത അതൃപ്തി. സംഘ്പരിവാർ ബന്ധമുള്ള വ്യക്തിയെയാണ് സുപ്രധാന പദവിയിലേക്ക് പരിഗണിക്കുന്നതെന്നും, ഇത് ബി.ജെ.പിക്ക് അനുകൂലമായ രീതിയിൽ വാർഡ് വിഭജനം അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസ് ആരോപിച്ചു. ഈ നീക്കം അടിയന്തരമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്കും കോൺഗ്രസ് ഹൈക്കമാൻഡിനും കത്ത് നൽകി.
നിയമനം നടത്തുമ്പോൾ ശേഷാദ്രിനാഥന്റെ രാഷ്ട്രീയ പശ്ചാത്തലം സർക്കാർ മുഖവിലക്കെടുത്തില്ലെന്നാണ് കോൺഗ്രസിന്റെ പ്രധാന വിമർശനം. വിദ്യാർഥി കാലഘട്ടത്തിൽ എസ്.എഫ്.ഐ നേതാവായിരുന്ന ഇദ്ദേഹം പിന്നീട് സംഘ്പരിവാർ പാളയത്തിലേക്ക് അടുക്കുകയായിരുന്നുവെന്ന് പി.എം. നിയാസ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസുമായി യാതൊരു ബന്ധവുമില്ലാത്ത, എന്നാൽ വ്യക്തമായ രാഷ്ട്രീയ ചായ്‌വുള്ള ഒരാളെ ഇത്തരം നിർണായക തസ്തികയിൽ നിയമിക്കുന്നത് സർക്കാറിന്റെ കടുത്ത കെടുകാര്യസ്ഥതയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിക്കാൻ സർക്കാർ തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിൽ ഗവർണറുടെ അംഗീകാരത്തിനായി ശിപാർശ അയക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിയമന നടപടികൾ റദ്ദാക്കണമെന്ന ശക്തമായ ആവശ്യവുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ വിഷയം വലിയ രാഷ്ട്രീയ വിവാദമായി മാറാനാണ് സാധ്യത.
അതേസമയം, എന്‍. ശേഷാദ്രിനാഥന്റെ നിയമനവുമായി ബന്ധപ്പെട്ട് കെ.പി.സി.സി ഭാരവാഹി പി.എം. നിയാസ് ഉന്നയിച്ച വിമർശനങ്ങളെ പൂർണമായും തള്ളി മന്ത്രി കെ.എം. ഷാജി രംഗത്തെത്തി. ഒരാൾ വിശ്വാസിയാകുന്നത് തെറ്റായ കാര്യമല്ലെന്നും അദ്ദേഹത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷമാണ് സർക്കാർ നിയമനം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ വകുപ്പ് നൽകിയ ശുപാർശ സർക്കാർ അംഗീകരിക്കുക മാത്രമാണ് ചെയ്തതെന്ന് ഷാജി വിശദീകരിച്ചു. ശേഷാദ്രിനാഥന്റെ യോഗ്യതകളും പശ്ചാത്തലവും കൃത്യമായി പരിശോധിച്ചിട്ടുണ്ട്. അദ്ദേഹം തികച്ചും യോഗ്യനാണെന്നും, ഒരു വിശ്വാസിയാകുന്നത് അപകടകരമായ കാര്യമായി താൻ കാണുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ, നിയാസ് ഇത്തരമൊരു പരാതി ഉന്നയിച്ചതായി തനിക്കറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
എന്നാൽ, നിയമനം സംബന്ധിച്ച തന്റെ പരാതി പാർട്ടി പ്രസിഡന്റിനോടാണ് ബോധിപ്പിച്ചതെന്നും അല്ലാതെ മന്ത്രി കെ.എം. ഷാജിയോടല്ലെന്നും പി.എം. നിയാസ് മറുപടി നൽകി. താൻ കെ.എസ്.യു ജില്ലാ പ്രസിഡന്റായിരുന്ന കാലത്ത് എസ്.എഫ്.ഐ നേതാവായിരുന്ന ശേഷാദ്രിനാഥ്, നിലവിൽ തീവ്ര ഹിന്ദുത്വ നിലപാടുകളുള്ള വിശ്വാസിയാണെന്ന് നിയാസ് ആരോപിച്ചു. അദ്ദേഹത്തിന്റെ മുൻകാല സോഷ്യൽ മീഡിയ പോസ്റ്റുകൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും.
പാർട്ടി അറിയാതെയോ അറിഞ്ഞോ തെറ്റിദ്ധാരണയുടെ പുറത്തോ സംഭവിച്ച തെറ്റുകൾ തിരുത്താനാണ് ഒരു കെ.പി.സി.സി ഔദ്യോഗിക ഭാരവാഹി എന്ന നിലയിൽ താൻ ശ്രമിച്ചതെന്നും നിയാസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.