കള്ളൻ കപ്പലിൽ തന്നെ; സ്റ്റേഷനിൽ സൂക്ഷിച്ച സ്വർണാഭരണങ്ങൾ കാണാതായ സംഭവത്തിൽ ട്വിസ്റ്റ്, മോഷ്ടിച്ചത് മുൻ എസ്.എച്ച്.ഒയെന്ന് എ.എസ്.പിയുടെ റിപ്പോർട്ട്

മലപ്പുറം: കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച 10 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കാണാതായ സംഭവത്തിൽ ട്വിസ്റ്റ്. വിവിധ കാലയളവുകളിൽ കളഞ്ഞുകിട്ടിയതും കരിപ്പൂർ വിമാനത്താവളത്തിൽനിന്നും മറ്റും കണ്ടെത്തി സ്റ്റേഷനിൽ ഏൽപ്പിച്ചതുമായ എട്ടു പവനോളം തൊണ്ടിമുതൽ മോഷ്ടിച്ചത് മുൻ എസ്.എച്ച്.ഒ ആണെന്ന് എ.എസ്.പിയുടെ അന്വേഷണ റിപ്പോർട്ട്.

സ്വർണം കൊണ്ടുപോയ ശേഷം സംഭവം പുറത്തറിഞ്ഞതോടെ തിരികെ വെക്കാനുള്ള ശ്രമം നടത്തിയതായും എ.എസ്.പിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സസ്പെൻഷനിൽ കഴിയുന്ന ഉദ്യോഗസ്ഥനാണ് സ്വർണം കൊണ്ടുപോയത്. എന്നാൽ, അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് ഇയാളുടെ വിശദീകരണം. സ്വർണാഭരണങ്ങൾ സ്റ്റേഷനിൽ കാണാനില്ലെന്ന് കൊണ്ടോട്ടി എ.എസ്.പി മലപ്പുറം എസ്.പിക്ക് നൽകിയ റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

2018-ന് മുമ്പും ശേഷവും വിവിധ സമയങ്ങളിലായി സ്റ്റേഷനിൽ ലഭിച്ച സ്വർണാഭരണങ്ങളാണ് സ്റ്റേഷനിലെ സി.ഐ അടിച്ചുമാറ്റിയത്. നേരത്തെ കൃത്യവിലോപം നടത്തിയതിന് സസ്പെൻഷനിലായ ഉദ്യോഗസ്ഥൻ, കൊണ്ടുപോയ സ്വർണം തിരികെ നൽകി നടപടി ഒഴിവാക്കാനും ശ്രമം നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. അബദ്ധത്തിൽ സ്വർണം കൈവശം വന്നുപോയെന്നും പിന്നീട് മറന്നുപോയെന്നുമാണ് ഉദ്യോഗസ്ഥൻ പറഞ്ഞത്.

അതേസമയം, പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം. എ.എസ്.പി റിപ്പോർട്ട് എസ്.പി ഡി.ഐ.ജി വഴി ഐ.ജിക്ക് കൈമാറിയിരിക്കുകയാണ്. ഐ.ജിയാണ് പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കേണ്ടത്. സംഭവത്തിൽ എസ്.ഐ.ടി രൂപീകരിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Tags:    
News Summary - The thief is on board; ASP's report that the twist in the missing gold ornaments kept at the station, was stolen by the former SHO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.