തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകാനുള്ള സർക്കാർ തീരുമാനത്തെ ന്യായീകരിച്ച് മന്ത്രി കെ. മുരളീധരൻ. ബജറ്റ് നിർദേശം ധനബില്ലിൽ ഉൾപ്പെടുത്തി മുന്നോട്ട് പോകുമെന്നും ബിൽ പാസായാൽ നടപ്പാക്കുന്ന കാര്യത്തിൽ യു.ഡി.എഫുമായി ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയതിനല്ലല്ലോ എന്ന് ചോദിച്ച മന്ത്രി, സർക്കാറിന്റെ ഉദ്ദേശം സദുദ്ദേശപരമാണെന്ന് ആവർത്തിച്ചു. സമ്പൂർണ്ണ മദ്യനിരോധനത്തിലേക്ക് എത്താനുള്ള സാഹചര്യം നിലവിൽ കേരളത്തിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല കേസിൽ എസ്.ഐ.ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും മുരളീധരൻ ഉറപ്പുനൽകി.
സ്വർണ്ണ കൊള്ളയെക്കുറിച്ച് വിമർശിക്കുന്നവർ അയോധ്യയിലെ സ്വർണ്ണാഭരണ മോഷണത്തെക്കുറിച്ച് കൂടി പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം നിയന്ത്രണവിധേയമാണെന്നും ഷിഗെല്ല കേസുകൾ കുറയുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ഡെങ്കിപ്പനി ഭീഷണിയും നിയന്ത്രണത്തിലാണ്. മഴ കനക്കുന്ന സാഹചര്യത്തിൽ മാലിന്യ നിർമാർജനം പ്രധാനമാണെന്ന് ഓർമിപ്പിച്ച മന്ത്രി, ബോധവത്കരണത്തിനായി മറ്റന്നാൾ തിരുവനന്തപുരത്ത് മന്ത്രിമാരുടെ നേതൃത്വത്തിൽ സംയുക്ത പ്രതിജ്ഞ പരിപാടി സംഘടിപ്പിക്കുമെന്നും അറിയിച്ചു.
അതേസമയം, പാർട്ടിയിലും മുന്നണിക്കകത്തും ചർച്ച ചെയ്തിട്ട് മാത്രമേ ഇക്കാര്യം നടപ്പാക്കുവെന്നും അത് മുഖ്യമന്ത്രി സഭയിൽ പറഞ്ഞിട്ടുണ്ടെന്നും കെ. മുരളീധരൻ പറഞ്ഞു. സമ്പൂർണ മദ്യനിരോധനത്തിന് ഇപ്പോൾ കഴിയില്ലെന്നും കെ. മുരളീധരൻ പറഞ്ഞു. വിദ്യാർഥികൾക്ക് മദ്യം കൊടുക്കാൻ അനുവദിക്കില്ല. നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ കാലത്ത് ബാറുകളുടെ എണ്ണം കുറച്ചു. 10 വർഷത്തിനിടെ എണ്ണം കൂട്ടി വീര്യം കുറഞ്ഞ മദ്യം കൊടുക്കുന്നത് ഇംപാക്ട് കുറക്കാനാണ്. വി.എം. സുധീരന്റെ പരസ്യ പ്രതികരണത്തിൽ തീരുമാനം എടുക്കേണ്ടത് കെ.പി.സി.സിയാണ്. സമ്പൂർണ മദ്യ നിരോധനം നടപ്പാക്കണമെങ്കിൽ അതിനുള്ള അന്തരീക്ഷം രൂപപ്പെടണമെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.