സുൽത്താൻ ബത്തേരി: ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ 80 സീറ്റുകളിൽ തങ്ങൾക്ക് മേൽക്കൈയുണ്ടെന്ന് വിലയിരുത്തി സുൽത്താൻ ബത്തേരിയിൽ നടന്ന കെ.പി.സി.സി ‘ലക്ഷ്യ’ നേതൃക്യാമ്പ്. ക്യാമ്പിൽ നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ‘മിഷൻ 2026’ പദ്ധതി അവതരിപ്പിച്ചു. രണ്ട് ഘട്ടമായി സ്ഥാനാർഥികളെ പ്രഖ്യാപിക്കുക, തെരഞ്ഞെടുപ്പ് പ്രവർത്തന കർമപദ്ധതി എന്നിവയാണ് ഇതിലുള്ളത്. കോണ്‍ഗ്രസിന്റെ ബൂത്ത് കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യും. ഫെബ്രുവരിയിൽ പ്രതിപക്ഷ നേതാവിന്റെ കേരളയാത്രയിൽ സ്ഥാനാർഥികളെയടക്കം വേദിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
85 മണ്ഡലങ്ങളിൽ വിജയം ഉറപ്പാണെന്നാണ് മേഖല തിരിച്ചുള്ള അവലോകന യോഗത്തിലെ വിലയിരുത്തൽ. അഞ്ച് ജില്ലകളിൽ നിന്ന് മാത്രമായി 40 ലധികം സീറ്റിൽ യു.ഡി.എഫിന് വിജയിക്കാൻ കഴിയുമെന്നും പറയുന്നു. മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ വലിയ മുന്നേറ്റമുണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനം കണ്ട് പ്രവർത്തകർ ആലസ്യത്തിലാകരുതെന്നും കൂടുതൽ ഊർജത്തോടെ പ്രവർത്തിക്കണമെന്നും ക്യാമ്പ് ആഹ്വാനം ചെയ്തു. അശാസ്ത്രീയ വാർഡ് വിഭജനം, വോട്ടർ പട്ടിക ക്രമക്കേട് തുടങ്ങിയവ അതിജീവിച്ചാണ് തദ്ദേശത്തിൽ യു.ഡി.എഫ് വിജയം നേടിയത്. എന്നാൽ, അമിത ആത്മവിശ്വാസം ഗുണം ചെയ്യില്ലെന്നും മണ്ണിലിറങ്ങി പണിയെടുക്കണമെന്നും നേതാക്കൾ പറഞ്ഞു. വെനിസ്വേലന്‍ പ്രസിഡന്റ് നികളസ് മദൂറോയെ ബന്ധിയാക്കി അമേരിക്ക നടത്തിയ കടന്നുകയറ്റത്തെ രാഷ്ട്രീയപ്രമേയം അപലപിച്ചു.
അകലം കുറച്ച് തരൂർ
ക്യാമ്പിലെ ശശി തരൂരിന്റെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായി. ക്യാമ്പിന്റെ രണ്ടാം ദിവസം സംസ്ഥാന നേതാക്കളോടൊപ്പം തരൂർ തമാശ പറഞ്ഞും മറ്റും സജീവമായി. തരൂരും കേരളത്തിലെ പാർട്ടിയും തമ്മിൽ ഒരു പ്രശ്നവുമില്ലെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്.
വരുന്നത് സമര പരമ്പര
സംസ്ഥാന സർക്കാറിനെതിരെ സമരാഹ്വാനവുമായാണ് ക്യാമ്പ് സമാപിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയികളായവരുടെ സംഗമം 19ന് എറണാകുളത്ത് നടക്കും. രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. ജനുവരി 23ന് എല്ലാ കലക്ടറേറ്റിന് മുന്നിലും സമരം നടക്കും. തൊഴിലുറപ്പ് പദ്ധതിയെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നതിനെതിരെ 13,14 തീയതിയിൽ ഏജീസ് ഓഫിസിനു മുന്നിൽ കെ.പി.സി.സി രാപകൽ സമരം നടത്തും.
സ്വർണക്കൊള്ളയിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുക, തൊണ്ടി മുതല്‍ കണ്ടെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നിയമസഭ സമ്മേളനം നടക്കുന്ന ജനുവരി 20ന് നിയമസഭയിലേക്കും 23ന് ജില്ല കലക്ടറേറ്റുകളിലേക്കും മാര്‍ച്ച് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.