തിരുവനന്തപുരത്ത് നടന്ന കെ.പി.സി.സി നേതൃയോഗത്തിൽ പങ്കെടുക്കുന്ന വൈസ് പ്രസിഡന്റ് ഷാഫി പറമ്പിൽ, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കോൺഗ്രസ് പ്രചാരണസമിതി അധ്യക്ഷൻ രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി തുടങ്ങിയവർ
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി സംവിധാനങ്ങളെ സജ്ജമാക്കാൻ ചേർന്ന കെ.പി.സി.സി നേതൃയോഗത്തിൽ, സ്ഥാനാർഥി നിർണയത്തിലും പദവികളിലും കർശന ഉപാധികൾവെച്ച് കോൺഗ്രസ് നേതൃത്വം. തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെടുന്നവർക്ക് മറ്റ് പദവികൾ നൽകില്ലെന്ന വ്യക്തമായ മുന്നറിയിപ്പാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നൽകിയത്.
കോൺഗ്രസ് അധികാരത്തിൽ വന്നാൽ തോറ്റെന്ന പരിഗണനയിൽ ബോർഡ്-കോർപറേഷൻ സ്ഥാനങ്ങൾ ലഭിക്കുമെന്ന് കരുതേണ്ടതില്ല. പരാജയപ്പെട്ടവരെ വീണ്ടും അധികാര കേന്ദ്രങ്ങളിലേക്ക് പരിഗണിക്കുന്നത് ഒഴിവാക്കി, വിജയസാധ്യതയുള്ളവർക്കും ആത്മാർഥമായി പ്രവർത്തിക്കുന്നവർക്കും മുൻഗണന നൽകാനാണ് ഹൈകമാൻഡ് തീരുമാനം.
അതേസമയം, വിജയസാധ്യതയുണ്ടായിട്ടും പാർട്ടി താൽപര്യം പരിഗണിച്ച് മത്സരരംഗത്ത് നിന്ന് മാറിനിൽക്കുന്ന നേതാക്കൾക്ക് അർഹമായ പരിഗണന നൽകും. ഇത്തരക്കാരെ തത്തുല്യ പദവികളിലേക്കോ ബോർഡ്-കോർപറേഷൻ സ്ഥാനങ്ങളിലേക്കോ പരിഗണിക്കാൻ പാർട്ടി തയാറാകും. സ്ഥാനാർഥി നിർണയത്തിൽ വ്യക്തിപരമായ താൽപര്യങ്ങൾക്കല്ല, മറിച്ച് ‘മെറിറ്റിന്’ മാത്രമായിരിക്കണം മുൻഗണനയെന്ന പൊതുവികാരം യോഗത്തിൽ ഉയർന്നു. കേന്ദ്ര നിരീക്ഷകൻ സച്ചിൻ പൈലറ്റിന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ സ്ഥാനാർഥി പട്ടിക തയാറാക്കുന്ന നടപടികൾ അതിവേഗം പൂർത്തിയാക്കാൻ തീരുമാനമായി. വിജയസാധ്യതയുള്ളവരെ എത്രയും വേഗം കണ്ടെത്തി മണ്ഡലങ്ങളിൽ സജീവമാക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്.
ഇതോടൊപ്പം സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട പരസ്യ പ്രസ്താവനകൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സ്വയം സ്ഥാനാർഥി പ്രഖ്യാപനവും അനുവദിക്കില്ല. പാർട്ടി തീരുമാനത്തിന് വിരുദ്ധമായ പ്രതികരണങ്ങൾ ഭാരവാഹികളുടെ ഭാഗത്തുനിന്നുണ്ടായാൽ നടപടിയുണ്ടാകും. ഇതിന് പുറമേ ഓരോ മണ്ഡലത്തിലെയും സാധ്യതകളും സാഹചര്യങ്ങളും യോഗം വിലയിരുത്തി.
തദ്ദേശ തെരഞ്ഞെടുപ്പിലടക്കം കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചെന്നും നിയമസഭ തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടുമെന്നും കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. സെമിയിൽ ഞങ്ങൾ വിജയിച്ചുകഴിഞ്ഞു, ഫൈനലിലും കോൺഗ്രസ് കപ്പടിക്കുമെന്നായിരുന്നു യോഗത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.