രാജ്യത്ത് കോൺഗ്രസ് അപ്രസക്തമായി -മുഖ്യമന്ത്രി

തൃശൂർ: കോൺഗ്രസിനും ആർ.എസ്.എസിനുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിൽ കോൺഗ്രസിന്‍റെ പ്രസക്തി ഇല്ലാതായെന്നും ആർ.എസ്.എസിനും വർഗീയതക്കുമെതിരെ ഉറച്ച നിലപാടെടുക്കാൻ അവർക്ക് കഴിയുന്നില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. ആർ.എസ്.എസിന് പ്രോത്സാഹനമാണ് പലപ്പോഴും കോൺഗ്രസിൽനിന്ന് ഉണ്ടാകുന്നതെന്നും തൃശൂരിൽ അഴീക്കോടൻ രാഘവന്‍റെ 50ാം രക്തസാക്ഷിത്വ ദിനാചരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കാൻ എല്ലാ കാലത്തും നീക്കമുണ്ടായിട്ടുണ്ട്. ആഗോളവത്കരണ നയങ്ങളിൽ ബി.ജെ.പിയും കോൺഗ്രസും ഒരുനാണയത്തിന്റെ രണ്ട് വശങ്ങളാണ്. വ്യക്തിഹത്യക്ക് ഏറ്റവും കൂടുതൽ ഇരയായ ആളാണ് അഴീക്കോടൻ. സ്വന്തമായി വീടുപോലും ഇല്ലാതിരുന്നിട്ടും അഴിമതിക്കോടൻ എന്ന് ആക്ഷേപം കേട്ടു. ഇന്നും പാർട്ടി നേതാക്കൾക്കെതിരെ വ്യക്തിഹത്യ തുടരുകയാണ്.

സ്വാതന്ത്ര്യ സമരത്തിന്‍റെ ഏഴയലത്ത് പോകാത്തവരാണ് രാജ്യം ഭരിക്കുന്നത്. സവർക്കരെ ധീര ദേശാഭിമാനിയായാണ് ആർ.എസ്.എസ് ചിത്രീകരിക്കുന്നത്. വഞ്ചകനായ സവർക്കറുടെ ചിത്രമാണ് ആലുവയിൽ കോൺഗ്രസ് പദയാത്രയെ സ്വീകരിക്കാനുള്ള പോസ്റ്ററിൽ ചന്ദ്രശേഖർ ആസാദിന്‍റെ ചിത്രത്തിനടുത്ത് വെച്ചത്. ആർ.എസ്.എസ്, ബി.ജെ.പി ആശയങ്ങൾ കോൺഗ്രസ് എത്രമാത്രം സ്വാംശീകരിച്ചുവന്നതിന്റെ തെളിവാണത്.

കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി മത്സരിച്ചപ്പോൾ ശുദ്ധാത്മാക്കളായ നമ്മുടെ നാട്ടുകാർ ഭാവി പ്രധാനമന്ത്രിയെന്ന് ധരിച്ച് സഹായിച്ചു. ഇനി ആ കളിയെടുക്കാമെന്ന് കരുതേണ്ട, അതൊക്കെ നാട്ടുകാർക്ക് മനസ്സിലായി. ജയിച്ചുപോയവർ ബി.ജെ.പിയെ നേരിടുന്നത് പോട്ടെ, നാടിന്‍റെ പ്രശ്നങ്ങൾക്ക് സംസ്ഥാന സർക്കാർ മുന്നോട്ടുവെക്കുന്ന ബദൽ നയത്തെ പോലും നിഷേധിക്കുന്ന നിലപാടാണെടുക്കുന്നത്. നാട് വികസന രംഗത്ത് മുന്നേറരുതെന്നതാണ് ഇവരുടെ നിലപാട്. 25 വർഷം കൊണ്ട് ലോകത്തിലെ വികസിത രാഷ്ട്രങ്ങളുടെ ജീവിത നിലവാരമുള്ള നാടായി കേരളത്തിനെ മാറ്റുകയാണ് ലക്ഷ്യം. ജനങ്ങൾ എൽ.ഡി.എഫ് സർക്കാറിന്‍റെ കൂടെ പൂർണമായി അണിനിരന്നിട്ടുണ്ടെന്നും ഇനിയും അതുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Congress has become irrelevant in the country - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.