തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ ഭാരവാഹി പുനഃസംഘടന നടപടികൾ തൽക്കാലം നിർത്തിവെക്കാനും തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിൽ സജീവമാകാനും കോൺഗ്രസ് നേതൃയോഗത്തിൽ ധാരണ.
പുനഃസംഘടന സംബന്ധിച്ച് ചർച്ച ആരംഭിച്ചെങ്കിലും വാർഡ് വിഭജനമടക്കം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ അടിയന്തര അഴിച്ചുപണികൾ ഗുണംചെയ്യില്ലെന്ന വിലയിരുത്തലിലാണ് നടപടികൾ തൽക്കാലത്തേക്ക് മാറ്റിവെക്കാൻ തീരുമാനിച്ചത്. അതേസമയം അനിവാര്യമായ സാഹചര്യമുള്ളതിനാൽ രണ്ടോ മൂന്നോ ഡി.സി.സികളിലെ അധ്യക്ഷന്മാരെ മാറ്റും. ആരോഗ്യപ്രശ്നങ്ങൾ മൂലം സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടതാണ് ഇതിലൊരു കാരണം. തീരെ മോശം പ്രവർത്തനംമൂലം മാറ്റൽ അനിവാര്യമായതാണ് രണ്ടാമത്തെ സാഹചര്യം. കെ.പി.സി.സിയിലെ നിലവിലെ ചുമതലകൾ തുടരാനും ധാരണ.
അതേസമയം ആരെയെങ്കിലും പുതുതായി ഉൾപ്പെടുത്തേണ്ടതുണ്ടെങ്കിൽ അത് പരിഗണിക്കാനും നേതൃയോഗത്തിൽ ധാരണയായി. എല്ലാവരെയും ഒറ്റക്കെട്ടായി കൊണ്ടുപോകണമെന്നും ആരെയും ഒഴിവാക്കുന്ന സമീപനം പാടില്ലെന്നും കെ. മുരളീധരൻ അഭിപ്രായപ്പെട്ടു. ശശി തരൂരിന്റെ കാര്യമടക്കം പരോക്ഷമായി ചൂണ്ടിക്കാട്ടിയായിരുന്നു പരാമർശം. പുനഃസംഘടന എന്നത് ഇടക്കിടക്ക് ചർച്ചയായി വരുന്നുണ്ടെങ്കിലും അങ്ങനെ തീരുമാനമുണ്ടെങ്കിൽ വേഗത്തിൽ നടപ്പാക്കണമെന്നും അല്ലാത്തപക്ഷം ചർച്ചകൾ തടയണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. മറ്റ് തിരക്കുകൾ കാരണം പ്രവർത്തക സമിതി അംഗങ്ങളായ കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എന്നിവർ യോഗത്തിനെത്തിയില്ല.
വികസനപ്രതിച്ഛായ മുൻനിർത്തി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന സി.പി.എമ്മിനെ, ദേശീയപാതയിലെ തകർച്ചയടക്കം മുൻനിർത്തി ജനസമക്ഷം തുറന്നുകാട്ടണമെന്നായിരുന്നു നേതൃയോഗത്തിലെ പൊതുവികാരം. എല്ലാ മേഖലയിലെയും പരാജയം മറച്ചുപിടിക്കാൻ വികസനവും വിഴിഞ്ഞവും സംരംഭകത്വവുമെല്ലാം ഉപയോഗിക്കാനാണ് ഇടതുപക്ഷത്തിന്റെ ശ്രമം.
സർക്കാർ മുന്നോട്ടുവെക്കുന്ന വികസനത്തിൽ നിറയെ വിള്ളലുകളാണെന്ന കാര്യം തെളിവ് സഹിതം ചൂണ്ടിക്കാട്ടി ജനങ്ങളിലേക്കിറങ്ങണമെന്നാണ് കോൺഗ്രസ് തീരുമാനം. പുതിയ ഭാരവാഹികൾ ചുമതലയേറ്റ ശേഷം ചേർന്ന ആദ്യ നേതൃയോഗത്തിനു ശേഷം പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ ദേശീയപാത തകർന്ന സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ടതും ഇക്കാര്യം അടിവരയിടുന്നു. തുടർഭരണമാണെന്നതിനാൽ ഒന്നാം സർക്കാറിന്റെ കാലത്തെ ഉത്തരമില്ലാത്ത വിവാദങ്ങൾ വീണ്ടും ചർച്ചയാക്കാനും തീരുമാനമുണ്ട്. പി.പി.ഇ കിറ്റ് വാങ്ങിയത് ഇതിനുദാഹരണം. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് കിറ്റ് വാങ്ങിയതെന്ന കെ.കെ. ശൈലജയുടെ നിയമസഭ പരാമർശം മുൻനിർത്തി, മൂന്നാം സർക്കാറിനുവേണ്ടി പ്രചാരണത്തെ നയിക്കാൻ തയാറെടുക്കുന്ന പിണറായി വിജയനെയാകും കോൺഗ്രസ് ഉന്നംവെക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.