മുഖ്യമന്ത്രി തർക്കത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകൾ നേതാക്കളുടെ ആഹ്വാനപ്രകാരം കോൺഗ്രസ് പ്രവർത്തകർ നീക്കം ചെയ്യുന്നു. ഫോട്ടോ- വൈ.ആർ. വിപിൻദാസ്
തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചയുടെ പേരിൽ സംസ്ഥാന കോൺഗ്രസിലുണ്ടായ ഫ്ലക്സ് യുദ്ധത്തിൽ താൽകാലിക വെടിനിർത്തൽ. കെ.പി.സി.സി അച്ചടക്കവാൾ വീശിയശേഷവും പ്രകടനങ്ങളും ഫ്ലക്സ് യുദ്ധവും തുടർന്നത് പാർട്ടിയെ പ്രതിസന്ധിയിലാക്കുകയും ഭരണം ഏറ്റെടുക്കുംമുമ്പ് പ്രതിച്ഛായ മോശമാക്കുകയും ചെയ്തിരുന്നു.
ഒടുവിൽ ഹൈകമാൻഡ് നിർദേശപ്രകാരം ഡൽഹിയിൽ നേതാക്കൾ മാധ്യമങ്ങൾക്ക് മുന്നിൽ ഒന്നിച്ചെത്തി ഇത്തരം നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യേണ്ടിവന്നു. പിന്നാലെ ഫ്ലക്സുകളും പോസ്റ്ററുകളും പ്രവർത്തകർ നീക്കിത്തുടങ്ങി. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവന് മുന്നിലും സെക്രട്ടറിയേറ്റിലുമടക്കം സ്ഥാപിച്ച ബോർഡുകൾ എടുത്തുമാറ്റി. ഈ ആഹ്വാനം തുടക്കത്തിലേ ഉണ്ടായെങ്കിൽ ഇത്രയേറെ പരിക്കുണ്ടാകുമായിരുന്നോ എന്ന ചോദ്യം മുന്നണിയിലുയരുന്നുണ്ട്.
കഴിഞ്ഞ ദിവസം കെ.സി. വേണുഗോപാലിന്റെ ബോർഡുകൾ കീറിയ തലസ്ഥാനത്ത് ‘‘കൂലിക്ക് ഇറക്കിയ ആളുകളെ കണ്ട് ഞങ്ങൾ പേടിച്ചു പോയി എന്ന് പറഞ്ഞേക്ക്..’’ എന്ന പോസ്റ്ററുകൾ രാവിലെ പ്രത്യക്ഷപ്പെട്ടിരുന്നു. ‘വി.ഡി. നാച്യൂറൽ ചോയിസ്’ എന്ന് എഴുതിയ ഫ്ലക്സിന് മുകളിലും ഈ പോസ്റ്ററുകൾ പോസ്റ്റർ പതിച്ചു. തൊട്ടടുത്ത് ‘വി.ഡി. ആർട്ടിഷ്യൽ ചോയിസ്’ എന്ന ബദൽ ഫ്ലക്സ് ബോർഡും ഉയർന്നു. ‘ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർക്ക് മാപ്പില്ല’ എന്ന ഫ്ലക്സുമുണ്ടായി.
കോഴിക്കോട്ട് സതീശന്റെ ഫ്ലക്സിന് മുകളിൽ കരിഓയിൽ ഒഴിച്ചു. സതീശന്റ മണ്ഡലമായ പറവൂരിൽ കെ.സിക്കുവേണ്ടിയും ഫ്ലക്സുയർന്നു. ഉപതെരഞ്ഞെടുപ്പുണ്ടാക്കുന്ന അത്യാഗ്രഹികൾക്ക് വടക്കാഞ്ചേരി ഓർമവേണമെന്ന ബാനർ ഉയർന്നത് ആലപ്പുഴയിലാണ്. കണ്ണൂർ പഴയങ്ങാടിയിൽ കെ. മുരളീധരന് അനുകൂലമായും ബാനറുണ്ടായി.
‘നിയുക്ത മുഖ്യമന്ത്രി കെ. മുരളീധരന് അഭിവാദ്യങ്ങൾ’ എന്നായിരുന്നു ഇതിലെ വാചകം. പിന്നാലെയാണ് നേതൃത്വത്തിന്റെ നിർദേശം വന്നതോടെ ഫ്ലക്സുകളും ബാനറുകളം നീക്കാൻ തുടങ്ങിയത്. ശനിയാഴ്ച വൈകീട്ട് കോഴിക്കോട്ടക്കം സതീശൻ അനുകൂല പ്രകടനം നടന്നു. അതേസമയം, വയനാട് സുൽത്താൻ ബത്തേരിയിൽ സതീശൻ അനുകൂലികൾ പ്രകടനം നടത്താൻ തീരുമാനച്ചെങ്കിലും നേതൃത്വത്തിന്റെ സമ്മർദത്തെ തുടർന്ന് ഉപേക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.