തിരുവനന്തപുരം: മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ ഒരു കാലതാമസവും വന്നിട്ടില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. അവസാനവാക്ക് എക്കാലത്തും ദേശീയ നേതൃത്വത്തിന്റേതാണ്. ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുന്നതാണ് പാർട്ടി നയമെന്നും ഘടകകക്ഷികളുടെ വിമർശനമടക്കമുള്ള കാര്യങ്ങൾ പാർട്ടി പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പതിറ്റാണ്ടുകൾ പിന്നിട്ട മുന്നണി സംവിധാനത്തെ അസംതൃപ്തി ഇല്ലാതെ മുന്നോട്ടു കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂട്ടിചേർത്തു.
അതേസമയം, വൈകാതെ മുഖ്യമന്ത്രി പ്രഖ്യാപനമുണ്ടാകുമെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് പറഞ്ഞു. ചർച്ചക്കാണോ കൂടിക്കാഴ്ചക്കാണോ ഡൽഹിക്ക് വിളിച്ചതെന്നറിയില്ല. വിജയത്തിന്റെ ശോഭ കെടുന്ന സാഹചര്യമില്ല. ഘടകകക്ഷികളുടെ അതൃപ്തിയിൽ പ്രതികരിക്കാനില്ലെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു. മുൻ കെ.പി.സി.സി അധ്യക്ഷന്മാരടക്കം മുതിർന്ന നേതാക്കളെ ദേശീയ നേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. നാളെ ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും.
വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ, കെ. സുധാകരൻ, കെ. മുരളീധരൻ എന്നിവരെ ചർച്ചക്കായി ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും സർപ്രൈസായാണ് അറിഞ്ഞതെന്നും വി.എം. സുധീരൻ പറഞ്ഞു. വിളിച്ചത് എന്തിനാണെന്ന് പറഞ്ഞിട്ടില്ല. എന്നോട് ചോദിക്കുന്ന കാര്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകും. എല്ലാവരും ഒറ്റക്കെട്ടായി നേടിയ വിജയമാണ്. ജനങ്ങങ്ങളുടെ പ്രതീക്ഷകൾക്ക് ഭരിക്കാൻ കഴിയട്ടെ. നാളെയാണ് ഡൽഹിക്ക് പോകുന്നത്. എത്രയും പെട്ടന്ന് കേരളത്തിന് മുഖ്യമന്ത്രി ഉണ്ടാകട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.
മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയുടെ നിർദേശപ്രകാരമാണ് മുൻ കെ.പി.സി.സി അധ്യക്ഷന്മാരെ ഉൾപ്പെടുത്തി വിപുലമായ ചർച്ച നടത്താൻ നേതൃത്വം തീരുമാനിച്ചതെന്നാണ് സൂചന. വയനാട് എം.പിയായ പ്രിയങ്ക ഗാന്ധി എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും രാഹുൽ ഗാന്ധിയുമായും ചർച്ചകൾ നടത്തിയതായാണ് വിവരം. കെ.സി. വേണുഗോപാലിന്റെ പേരിനാണ് മുൻതൂക്കം.
കേരളത്തിലെ മുഖ്യമന്ത്രി ആരെന്നതിൽ തീരുമാനം വൈകില്ലെന്നും എത്രയും വേഗം പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ. തന്റെ നിലപാട് ഹൈക്കമാൻഡിനോട് പറഞ്ഞിട്ടുണ്ട്. ഡൽഹിയിൽ എത്താൻ പറഞ്ഞിട്ടുണ്ടായിരുന്നു. എത്താൻ കഴിയില്ലെന്ന കാര്യം അറിയിച്ചിട്ടുണ്ട്. എത്രയും പ്രശ്നം തീർക്കാനായിട്ടാണ് എല്ലാവരെയും ഡൽഹിയിലേക്ക് വിളിക്കുന്നത്. ചർച്ചകൾ പൂർത്തിയായിട്ടുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ഡൽഹിയിൽ പോകുന്നില്ലെങ്കിലും കൃത്യമായി നിലപാട് അറിയിക്കും. രാഹുൽ ഗാന്ധി വിളിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. തന്റെ അഭിപ്രായം രേഖപ്പെടുത്തും. അഭിപ്രായം രേഖപ്പെടുത്താൻ ഡൽഹിയിൽ പോകണമെന്ന് നിർബന്ധമില്ലല്ലോയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു. കെ.പി.സി.സി മുൻ അധ്യക്ഷൻമാരേയും വർക്കിങ് പ്രസിഡന്റുമാരേയും എ.ഐ.സി.സി ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ബെംഗളൂരുവിലാണ്. സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുടെ നിലപാട് നിർണായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.