പാലക്കാട്: ബി.ജെ.പിക്കെതിരെ ഒറ്റയ്ക്ക് നിന്ന് ജയിക്കാമെന്ന കോൺഗ്രസ് ധാരണക്ക് തിരിച്ചടിയേറ്റതായാണ് വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് വ്യക്തമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തങ്ങൾ വലിയ ശക്തിയാണെന്നും ആർക്കും നേരിടാനാകില്ലെന്നും ഇപ്പോൾ തന്നെ വിജയിച്ചുകഴിഞ്ഞുവെന്നുമായിരുന്നു കോൺഗ്രസ് കരുതിയത്. ആ ധാരണ ആപത്തിലേക്ക് നയിച്ചുവെന്നാണ് ഇപ്പോൾ കാണുന്നത് -നവകേരള സദസ്സിൽ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.
മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ജനങ്ങൾ ഉറപ്പിച്ചിരുന്ന കാര്യം ബി.ജെ.പിയുടെ തകർച്ചയായിരുന്നു. എന്നാൽ, ബി.ജെ.പിയെ നേരിടുമ്പോൾ ബി.ജെ.പി വിരുദ്ധ കക്ഷികളുമായി യോജിച്ച നിലയിലെത്തേണ്ടതുണ്ടായിരുന്നു. അങ്ങനെയുണ്ടായില്ല. തങ്ങൾ ഇപ്പോൾ തന്നെ വിജയിച്ചുകഴിഞ്ഞെന്നാണ് കോൺഗ്രസ് വിചാരിച്ചത്.
മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയേൽക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, യോജിക്കാവുന്ന കക്ഷികളെയെല്ലാം യോജിപ്പിക്കാൻ കോൺഗ്രസ് തയാറായില്ല. കോൺഗ്രസിന്‍റെ ഈയൊരു നയം തെരഞ്ഞെടുപ്പിൽ പ്രതികൂലമായി.
സമാജ് വാദി പാർട്ടിയോട് നിയമസഭ തെരഞ്ഞെടുപ്പിൽ സഖ്യമില്ലെന്ന് കോൺഗ്രസ് സ്വീകരിച്ച നയം ആർക്കും ഉൾക്കൊള്ളാൻ പറ്റാത്തതാണ്. ഈ തെരഞ്ഞെടുപ്പിൽ സഖ്യമില്ലെങ്കിൽ വരും തെരഞ്ഞെടുപ്പിലും സഖ്യം വേണ്ടെന്ന് കോൺഗ്രസ് നേതാവ് അഖിലേഷ് യാദവ് നിലപാട് സ്വീകരിക്കേണ്ടിവന്നു -പിണറായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.