തിരുവനന്തപുരം: ആദ്യഘട്ടത്തിൽ തന്നെ രാഹുൽഗാന്ധിയെ അടക്കം രംഗത്തിറക്കി തെരഞ്ഞെടുപ്പ് കളത്തിൽ ആധിപത്യമുറപ്പിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിച്ച് കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ സമിതി. ഇന്ദിര ഭവനിൽ ചേർന്ന ആദ്യ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടത്. ആധുനിക കാലത്തിനും സങ്കേതങ്ങൾക്കും അനുസരിച്ചുള്ള പ്രചാരണ രീതികളാണുണ്ടാവുക.
ശബരിമല സ്വർണക്കൊള്ള, അയ്യപ്പസംഗമത്തിലെ ക്രമക്കേട്, സാമ്പത്തിക പ്രതിസന്ധി അടക്കം വിഷയങ്ങൾ ഉയർത്തിയാണ് കോൺഗ്രസ് കളത്തിലിറങ്ങുക. ജനങ്ങളിലേക്കിറങ്ങിയുള്ള പരമ്പരാഗത പ്രചാരണ രീതികൾക്കൊപ്പം ന്യൂജൻ വോട്ടർമാരെ ലക്ഷ്യമിട്ട് ഡിജിറ്റൽ പ്രചാരണവും സജീവമാക്കും. കൃത്യമായ ആസൂത്രണത്തോടെയും പുതുമയുള്ള തന്ത്രങ്ങളോടെയുമാണ് ഇത്തവണ കോൺഗ്രസ് ജനങ്ങളിലേക്കെത്തുന്നത്. വലിയ റാലികൾക്കൊപ്പം തന്നെ ഓരോ വോട്ടറെയും നേരിൽ കാണുന്ന രീതിയിലുള്ള സ്ക്വാഡ് പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകും. ആനിമേഷനുകൾ, ഹ്രസ്വചിത്രങ്ങൾ എന്നിവയിലൂടെ സർക്കാരിന്റെ പരാജയങ്ങൾ ജനങ്ങളിൽ എത്തിക്കും.
തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കില്ലെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. ‘കൂട്ടായ നേതൃത്വം’ എന്ന നിലയിലാകും പ്രചാരണം മുന്നോട്ട് പോകുക. ഈ ലൈനിലാകും പ്രചാരണങ്ങളുടെ ഊന്നൽ. പാർട്ടി ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരടക്കം ദേശീയ നേതാക്കളെയെല്ലാം കളത്തിലിറക്കും. പുതുയുഗ യാത്രയുടെ സമാപനത്തിന് രാഹുൽ ഗാന്ധിയെ പങ്കെടുപ്പിക്കാനാണ് ശ്രമം.
പ്രചാരണ കമ്മിറ്റി അധ്യക്ഷൻ രമേശ് ചെന്നിത്തല, ഉപാധ്യക്ഷൻ ഷാഫി പറമ്പിൽ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കേരളത്തിന്റെ സംഘടന ചുമതലയുള്ള സെക്രട്ടറി ദീപാദാസ് മുൻഷി, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവർ നേരിട്ട് പങ്കെടുത്തു. പുതുയുഗ യാത്രയിലുള്ള വി.ഡി സതീശൻ, അമേരിക്കയിലുള്ള ശശി തരൂർ എന്നിവർ ഓൺലൈനായും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.