പാലക്കാട്: കോൺഗ്രസും ബി.ജെ.പിയും വിട്ടുനിന്നതോടെ എലപ്പുള്ളി പഞ്ചായത്തിൽ സി.പി.എമ്മിന്റെ അവിശ്വാസപ്രമേയ നീക്കം പാളി. ക്വാറം തികയാത്തതിനാൽ സി.പി.എമ്മിന് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനായില്ല. അവിശ്വാസപ്രമേയത്തിൽ നിന്ന് വിട്ടു നിന്നതിൽ ഒരു തെറ്റുമില്ലെന്ന് കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതി വ്യക്തമാക്കി.
അതേസമയം, ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമായാണ് ഇരു പാർട്ടികളും അവിശ്വാസപ്രമേയത്തിൽ നിന്നും വിട്ടുനിന്നത്. എന്നാൽ, ആരോപണം ഇരുപാർട്ടികളും നിഷേധിച്ചു. നേരത്തെ ബ്രൂവറി വിഷയത്തിൽ എലപ്പുള്ളിയിലെ കോൺഗ്രസ്-ബി.ജെ.പി നേതൃത്വം വലിയ പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് സി.പി.എം അവിശ്വാസപ്രമേയം കൊണ്ടു വരുമെന്ന് അറിയിച്ചത്.
അന്ന് സി.പി.എമ്മിനെതിരെ വിമർശനങ്ങളുയർന്നപ്പോൾ ബ്രൂവറി വിഷയവുമായി അവിശ്വാസപ്രമേയത്തിന് ബന്ധമില്ലെന്നും പഞ്ചായത്തിന്റെ അഴിമതിക്കെതിരെയാണ് പ്രമേയം കൊണ്ടു വരുന്നതുമെന്നുമാണ് പാർട്ടി ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു പറഞ്ഞത്. പ്രതിഷേധം അറിയിക്കുക മാത്രമാണ് അവിശ്വാസപ്രമേയത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
ആകെ 22 അംഗങ്ങളുള്ള എലപ്പുള്ളി പഞ്ചായത്തിൽ കോൺഗ്രസ് 9 , സി.പി.എം 8 , ബി.ജെ.പി 5 എന്നിങ്ങനെയാണ് കക്ഷിനില. എലപ്പുള്ളിയിൽ 24 ഏക്കർ സ്ഥലത്ത് ഒയാസിസ് കമ്പനി സ്ഥാപിക്കുന്ന ബ്രൂവറിക്കെതിരെ വലിയ രീതിയിൽ പ്രതിഷേധം ഉയർന്നിരുന്നു. പഞ്ചായത്ത് ഭരണസമിതിയും പ്രതിഷേധങ്ങളുടെ മുൻപന്തിയിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.