മുന്നാക്ക വിഭാഗങ്ങളിലെ നിർധനർക്ക്​ സംവരണം നൽകുന്നതിനോട്​ കോൺഗ്രസിന്​ യോജിപ്പ്​ -മുല്ലപ്പള്ളി

തിരുവനന്തപുരം: മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത്​ ശതമാനം​ സംവരണം നൽകുന്നതിനോട്​ കോണ്‍ഗ്രസിന് യോജിപ്പെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സി.പിഎം സംവരണം നടപ്പാക്കുന്നത്​ തെരഞ്ഞെടുപ്പ്​ മുന്നിൽകണ്ടാണ്​. സംവരണ വിഷയത്തില്‍ സി.പി.എം വര്‍ഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന് സംവരണ വിഷയത്തില്‍ നിലപാടില്ലെന്ന സിറോ മലബാര്‍ സഭയുടെ വിമര്‍ശനത്തോട്​ പ്രതികരിക്കുകയായിരുന്നു ​അദ്ദേഹം.

കോൺഗ്രസിന്​ വെൽഫയർ പാർട്ടിയുമായി യാതൊരുവിധ ബന്ധവുമില്ല. ജമാഅത്തെ ഇസ്​ലാമിയുമായി ഒരു കാലത്തും കോൺഗ്രസ്​ ധാരണയുണ്ടാക്കിയിട്ടില്ല. ആർ.എസ്​.എസും ജമാഅത്തെ ഇസ്​ലാമിയും തീവ്രവർഗീയതയുടെ രണ്ട്​ മുഖമാണെന്നും കോൺഗ്രസ്​ നിലപാടാണ്​ താൻ പറയുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

മുന്നാക്ക സംവരണ വിഷയത്തില്‍ കേരളത്തിൻെറ പ്രത്യേക സാഹചര്യത്തിൽ പാര്‍ട്ടിയില്‍ വിശദമായ ചർച്ച നടക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് പറഞ്ഞു. മുന്നണി സംവിധാനമുള്ള സംസ്ഥാനമാണ്​ കേരളം അതിനാൽ മുന്നണി സംവിധാനത്തെ കൂടി സംരക്ഷിക്കേണ്ട ബാധ്യത നേതൃത്വത്തിനുണ്ട്​.

രാഷ്ട്രീയകാര്യ സമിതിയിൽ തന്‍റെ നിലപാട് അറിയിക്കും. ദേശീയ നിലപാട് ഉണ്ടെങ്കിലും അതേപോലെ കേരളത്തിൽ നടപ്പാക്കാനാവില്ല. മുസ്‍ലിം ലീഗിനെ പിണക്കാത്ത നിലപാട് എടുക്കണമെന്നും കെ.വി. തോമസ് പറഞ്ഞു. മീഡിയവൺ ചാനലിനോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുന്നാക്ക സംവരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ലത്തീന്‍ സഭ രംഗത്തെത്തിയിരുന്നു. മുന്നാക്ക സംവരണം സംസ്ഥാന സര്‍ക്കാര്‍ അശാസ്ത്രീയമായി ധൃതി പിടിച്ച് നടപ്പാക്കിയെന്നും മുന്നാക്ക ഉദ്യോഗസ്ഥ ലോബിയുടെ കെണിയില്‍ സര്‍ക്കാര്‍ പെട്ടുപോയെന്നാണ്​ സംശയിക്കുന്നതെന്നും കെ.ആർ.എൽ.സി.സി വൈസ് പ്രസിഡൻറ്​ ഷാജി ജോർജ്ജ് പറഞ്ഞു. സവര്‍ണ സംഘടിത ശക്തികളുടെ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ കീഴടങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    
News Summary - congress agrees to give reservation to the poor in the frontier sections said mullappally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.