കോൺഗ്രസിന്റെ ഫണ്ട് മരവിപ്പിച്ചത് ബി.ജെ.പിക്ക് അനുകൂലമായി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ -എം.എം. ഹസന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ഫണ്ട് മരവിപ്പിച്ച് തെരഞ്ഞെടുപ്പ് ബി.ജി.പിക്ക് അനുകൂലമായി അട്ടിമറിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസന്‍. ഇതിനെതിരേ കേരളത്തിലും രാജ്യവ്യാപകമായും വമ്പിച്ച പ്രതിഷേധം അലയടിക്കുകയാണെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

പാര്‍ട്ടി നേതാക്കള്‍ക്ക് യാത്ര ചെയ്യാനോ പ്രചാരണം നടത്താനോ പണമില്ലാത്ത അവസ്ഥയാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യത്തെ സംഭവമാണ്. കോണ്‍ഗ്രസിന്റെ 115 കോടി രൂപയാണ് ആദായനികുതിയായി ബലമായി പിടിച്ചെടുത്തത്. ബാക്കി പണം മരവിപ്പിക്കുകയും ചെയ്തു. രാഷ്ട്രീയകക്ഷികളുടെ വരുമാനത്തിന് ആദായനികുതി ബാധകമല്ലാത്തപ്പോഴാണ് ഇത്തരമൊരു നടപടി ഉണ്ടായത്. അനാരോഗ്യം മൂലം സജീവ രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനിൽക്കുന്ന സോണിയ ഗാന്ധിപോലും ഇതിനെതിരേ ശബ്ദമുയര്‍ത്തി രംഗത്തുവന്നത് സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്താണ്.

അനധികൃതമായ ഇലക്ട്രല്‍ ബോണ്ടിലൂടെ കോടാനുകോടികള്‍ ബി.ജെ.പി സമാഹരിച്ചിട്ടാണ്, പൊതുജനങ്ങളില്‍നിന്ന് കോണ്‍ഗ്രസ് സമാഹരിച്ച ഫണ്ട് കൈയിട്ടുവാരിയത്. കോണ്‍ഗ്രസിനും ജനാധിപത്യത്തിനു നേരേ നടക്കുന്ന സാമ്പത്തിക ആക്രമണമായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ. ബി.ജെ.പി അടച്ച ആദായനികുതിയുടെ കണക്ക് വെളിപ്പെടുത്തണം.

തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിനെ രാത്രി വീട്ടില്‍നിന്ന് ഇഡി അറസ്റ്റ് ചെയ്തത് മറ്റൊരു ഏകാധിപത്യനടപടിയാണ്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെയും ഈ രീതിയില്‍ അറസ്റ്റ് ചെയ്തിരുന്നു. രണ്ടു മാസത്തിനിടെ ഇൻഡ്യ മുന്നണിയിലെ രണ്ടാമത്തെ മുഖ്യമന്ത്രിയെയാണ് അറസ്റ്റ് ചെയ്തത്. ഇതിനെതിരേ കോണ്‍ഗ്രസ് കേരളം ഉള്‍പ്പെടെ രാജ്യവ്യാപകമായി പ്രതിഷേധിച്ചു.

മോദിയുടെ ഏകാധിപത്യ നടപടികളെ കുറെയെങ്കിലും ചെറുത്തുനിര്‍ത്തുന്നത് സുപ്രീംകോടതിയാണ്. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ വസ്തുതാപരിശോധന നടത്താന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയെ ചുമതലപ്പെടുത്തി സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താനുള്ള നടപടി സുപ്രീംകോടതി തടഞ്ഞു. വാട്സാപ്പിലൂടെ മോദിയുടെ വികസിത് ഭാരത് സന്ദേശം പ്രചരിപ്പിച്ച് വോട്ടു തേടുന്ന നടപടി തെരഞ്ഞെടുപ്പ് കമ്മീഷനും വിലക്കിയിട്ടുണ്ട്. രണ്ടും സ്വാഗതാര്‍ഹമായ നടപടികളാണ്.

400 സീറ്റ് നേടി വന്‍വിജയം കൊയ്യുമെന്നു അവകാശപ്പെടുന്ന ബി.ജെ.പി എത്രമാത്രം അരക്ഷിതമാണെന്നാണ് അവരുടെ നടപടികള്‍ വ്യക്തമാക്കുന്നതെന്നും ഹസന്‍ ചൂണ്ടിക്കാട്ടി. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് എന്‍ ശക്തന്‍, ജനറല്‍ സെക്രട്ടറിമാരായ ടിയു രാധാകൃഷ്ണന്‍, ജിഎസ് ബാബു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    
News Summary - Congress Account Freezing: MM Hassan against BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.