കെ. സുരേന്ദ്രന്‍ ഹെലികോപ്റ്ററിൽ പണം കടത്തിയെന്ന് പരാതി; ശോഭയുടെ ശബ്ദ സന്ദേശവും അന്വേഷിക്കണമെന്ന് ആവശ്യം

പാലക്കാട്: കൊടകര കുഴപ്പണ കേസിലെ ആരോപണത്തിന് പിന്നാലെ ബി.െജ.പി സംസ്ഥാന നേതാക്കൾക്കെതിരെ അനധികൃത സാമ്പത്തിക ഇടപാട് നടത്തിയെന്ന പരാതിയും. തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ ഹെലികോപ്റ്റർ യാത്രകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ഒാൾ കേരളാ ആന്‍റി കറപ്ഷൻ ആൻഡ് ഹ്യൂമൻ പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന അധ്യക്ഷൻ ഐസക് വർഗീസ് ആണ് പരാതി നൽകിയത്.

റോഡിലെ വാഹനപരിശോധന ഒഴിവാക്കി കള്ളപ്പണം കൊണ്ടുപോകാൻ കെ. സുരേന്ദ്രൻ ഹെലികോപ്റ്റർ ഉപയോഗിച്ചെന്നാണ് പരാതി. തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെത്തിയ ദേശീയ നേതാക്കൾ വഴി പണം എത്തിയോ എന്ന് പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.


കർണാടകയിൽ നിന്ന് പണം ചെക്ക്പോസ്റ്റ് വഴി കൊണ്ടുവന്നാൽ ഇടത് സർക്കാറിന്‍റെ പൊലീസ് പിടികൂടും. മറ്റ് സംസ്ഥാനങ്ങളിൽ ബി.ജെ.പി പ്രതിപക്ഷ എം.എൽ.എമാരെയും എം.പിമാരെയും വിലക്കെടുക്കുന്ന പ്രവണതയാണ് കണ്ടുവന്നിട്ടുള്ളത്. കേരളത്തിൽ അത് ഒരിക്കലും സാധ്യമാകാത്ത സ്ഥിതിക്ക് വോട്ടർമാരെ വിലക്ക് എടുക്കുന്നതിന് വേണ്ടി ബി.ജെ.പി പണം ഉപയോഗിക്കുന്നുവെന്നും പരാതിയിൽ പറയുന്നു.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് ബി.ജെ.പി പണമിടപാടിലൂടെ ഉദ്ദേശിച്ചത്. സർക്കാറിനെതിരായ ഗൂഢാലോചനയും സർക്കാറിനെ അട്ടിമറിച്ച് ഭരണം പിടിക്കാനുള്ള നീക്കവുമാണ് ഈ പണമിടപാടിലൂടെ ബി.ജെ.പി നടത്തിയത്. അതിനാൽ സർക്കാറിനെതിരെയുള്ള ഗൂഢാലോചനക്ക് കേസ് എടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

കേന്ദ്രമന്ത്രിമാർ കേരളത്തിൽ എത്തിയപ്പോൾ കോടികളുടെ ഹവാല പണമാണ് കൈമാറിയിട്ടുള്ളതെന്നും പാലക്കാടും കണ്ണൂരും തൃശൂരും പണമിടപാടിന്‍റെ ഹബ്ബായിരുന്നുവെന്നും ഐസക് വർഗീസ് മീഡിയവണിനോട് പറഞ്ഞു.

അനധികൃത സാമ്പത്തിക ഇടപാടിൽ സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്‍റെ ശബ്ദ സന്ദേശത്തിൽ അന്വേഷണം വേണമെന്ന് ഐസക് വർഗീസ് നേരത്തെ പരാതി നൽകിയിരുന്നു. കൊടകര കള്ളപ്പണ കേസിന് ഇതുമായി ബന്ധമുണ്ടോയെന്ന് അന്വേഷണിക്കണമെന്ന് പുതിയ പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. അന്വേഷണം സർക്കാർ വൈകിപ്പിച്ചാൽ കോടതിയെ സമീപിക്കുമെന്നും ഐസക് വർഗീസ് വ്യക്തമാക്കി.

Tags:    
News Summary - Complaint that K. Surendran smuggled money in a helicopter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.