പാലക്കാട്: കെ.എസ്.ആർ.ടി.സി പുതുതായി ഇറക്കിയ പ്രീമിയം സൂപ്പർഫാസ്റ്റ് ബസിലെ ഡ്യൂട്ടി സംബന്ധിച്ച് പരാതി. സൂപ്പർഫാസ്റ്റ് സർവിസ് തുടങ്ങിയ സമയത്ത് തിരുവനന്തപുരം മുതൽ എറണാകുളം വരെ 11 ഫെയർ സ്റ്റേജുകളും ഇത്രയും ദൂരം പിന്നിടാൻ അഞ്ചര മണിക്കൂർ സമയവുമായിരുന്നു നിശ്ചയിച്ചിരുന്നത്.
ഇന്ന് ഇതേ റൂട്ടിൽ സ്റ്റോപ്പും സ്റ്റേജും ധാരാളം അനുവദിച്ചെങ്കിലും അഞ്ചര മണിക്കൂർ എന്നതിൽ മാറ്റമില്ലാതെയാണ് സർവിസ് എന്നതാണ് പരാതിക്കിടയാക്കുന്നത്. നിയമപ്രകാരം റണ്ണിങ് ടൈമും അനുബന്ധ ജോലികൾക്കായി വരുന്ന സമയവും ഭക്ഷണം കഴിക്കാനുള്ള സമയവുമെല്ലാം ജോലിയുടെ ഭാഗമാണ്. ബ്രേക്ക് ഡൗണായാൽ അതും ജോലിസമയത്തിൽ ഉൾപ്പെടും. മാത്രമല്ല എട്ട് മണിക്കൂറിനുശേഷം വരുന്ന സമയത്തിന് സെക്ഷൻ 26 (1) 26 (2 )പ്രകാരം അധിക ജോലിക്ക് ഇരട്ടിവേതനത്തിനും അർഹതയുണ്ട്.
എന്നാൽ, ഇതെല്ലാം കാറ്റിൽ പറത്തിയാണ് പലപ്പോഴും ഡ്യൂട്ടി ക്രമീകരിക്കുന്നതെന്നാണ് ജീവനക്കാരുടെ പരാതി. പ്രീമിയം സർവിസുകളിലെ ഡ്യൂട്ടി ഇതിനുദാഹരണമാണെന്നും അവർ പറയുന്നു. രാത്രികാലങ്ങളിൽ യാത്രക്കാർ ആവശ്യപ്പെടുന്ന എല്ലാ സ്റ്റോപ്പിലും നിർത്തണമെന്ന ഉത്തരവും നിലവിലുണ്ട്. ട്രാഫിക് നിയമങ്ങൾ പാലിച്ച് ഓടിക്കാൻ നിലവിലുള്ള റണ്ണിങ് സമയം കൂട്ടി നൽകുന്നതിന് പകരം കുറക്കുകയാണ് ചെയ്തതെന്നും സ്വതന്ത്ര തൊഴിലാളി സംഘടനയായ ഐ.ടി.ഡി.എഫ് ഗതാഗത മന്ത്രിക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.