ആദിവാസിയായ രങ്കി ഭൂ നികുതി അടച്ച രസീത്- അട്ടപ്പാടി തഹസിൽദാർ അയച്ച നോട്ടീസ് 

അട്ടപ്പാടിയിലെ വെള്ളകുളത്ത് ആദിവാസി ഭൂമി കൈയേറിയെന്ന് പരാതി

കോഴിക്കോട് : അട്ടപ്പാടിയിലെ വെള്ളകുളത്ത് ആദിവാസി ഭൂമി കൈയേറിയെന്ന് പരാതി. വെള്ളകുളം ആദിവാസി ഊരിലെ രാമി, രങ്കി എന്നിവരാണ് ഒറ്റപ്പാലം സബ് കലക്ടർക്ക് പരാതി നൽകിയത്.

ഷോളയൂർ വില്ലേജിൽ വെള്ളകുളത്ത് 1816/3 സർവേ നമ്പരിൽ രങ്കിയുടെ പേരിൽ 2018-19ൽ 6. 15 ഏക്കർ( രണ്ട് ഹെക്ടർ 49 ആർ) ഭൂമിക്ക് നികുതി അടച്ച രസീത് ഉണ്ട്. 2019 ഫെബ്രുവരി 25ന് 1312 രൂപയാണ് നികുതി അയച്ചത്. 2023-24 വർഷത്തിലെ ഭൂ നികുതി 2250 രൂപ സെപ്തംബർ 19ന് അയച്ച രസീതും കൈവശമുണ്ട്. അതുപോലെ രാമിക്കും സർവേ 1816/ 1 ൽ ഭൂമിയുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. രണ്ടു പേർക്കും കൂടി 11 ഏക്കർ ഭൂമിയുണ്ടാണ് ആദിവാസികൾ പറയുന്നത്.


 


പാരമ്പര്യമായി ആദിവാസികൾ കൃഷി ചെയ്തുപോകുന്ന ഭൂമിയാണിത്. തമിഴ്നാട്ടിലെ മേട്ടു പ്പാളയത്തുനിന്ന് അട്ടപ്പാടിലെത്തി താമസിക്കുന്ന വെങ്കിട്ടരാമ കൗണ്ടരുടെ പേരക്കുട്ടി ഈ സ്ഥലങ്ങൾ മുഴുവൻ അവരുടെതാണെന്ന് പറഞ്ഞ് സ്ഥലം അളക്കുകയും നാലു വീടുകാരോടും ഒഴിഞ്ഞ് പോകണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അദ്ദേഹം ഈ സ്ഥലം അവരുടേതാണെന്നാണ് പറയുന്നത് ഇക്കാര്യത്തിൽ തങ്ങൾക്ക് ഒരു വിവരവുമില്ല. സ്ഥലം അവരുടേതാണെന്ന ബോർഡ് വെച്ചു.



 


ഷോളയൂർ പഞ്ചായത്ത് ആറാം വാർഡ് അംഗം ആയ രവി, പഴയ മെമ്പറായ സെൽഫി, വെള്ളകുളത്ത് താമസിക്കുന്ന രാമസ്വാമി എന്നിവരും ചേർന്നാണ് ഇയാളെ കൂട്ടിക്കൊണ്ടു വരികയും സ്ഥലം വിട്ടുകൊടുക്കാൻ പറയുകയും ചെയ്തതെന്നും പരാതിയിൽ പറയുന്നു. ഇവരെല്ലാം ചേർന്ന് ആദിവാസികളുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുകയാണ്. ആദിവാസി ഭൂമി സംരക്ഷിക്കുന്നതിന് വേണ്ടി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പതിനഞ്ചാം തീയതിയാണ് ഒറ്റപ്പാലം സബ് കലക്ടർക്ക് പരാതി നൽകിയത്.

ഭൂമി കൈയടക്കാനെത്തിയ ആൾ ആദിവാസികളോട് ഹൈകോടതിയുടെ ഉത്തരവും കാണിച്ചിരുന്നു. ഈവർഷം ജൂൺ 27 നാണ് ഹൈകോടതി ഉത്തരവിട്ടത്. കോയമ്പത്തൂർ ചിന്നത്തടം സ്വദേശി മുത്തമ്മാളിൽനിന്ന് ഭൂമിയുടെ പവർ ഓഫ് അറ്റോർനി വാങ്ങിയ സദാനന്ദ രംങ്കരാജ് ആണ് ഹൈകോടതിയെ സമീപിച്ചത്.

സർവേ ആൻഡ് ബൗണ്ടറി ചട്ടപ്രകാരം ഹരജിക്കാരൻ സമർപ്പിച്ച അപേക്ഷയിൽ വേഗത്തിൽ പരിഗണിക്കണമെന്നും സമയപരിധി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. ഹൈകോടതി ഹരജിയുടെ മെറിറ്റിനെക്കുറിച്ച് ഒരു അഭിപ്രായവും രേഖപ്പെടുത്തിയില്ല. 2022 നവംമ്പർ 10ലെ അപേക്ഷയിന്മേൽ തഹസീൽദാർ രണ്ട് മാസത്തിനുള്ളിൽ നിയമാനുസൃതമായ നടപടി സ്വികരിക്കാൻ കോടതി ഉത്തരവ്.  ഇതൊന്നും ആദിവാസികൾ അറിഞ്ഞിരുന്നില്ല. 2022 ഡിസംബർ അഞ്ചിന് ഷോളയൂർ വില്ലേജ് ഓഫിസർ നൽകിയ സർട്ടിഫിക്കറ്റ് ഹൈകോടതിയിൽ ഹാജരാക്കിയിരുന്നു. അത് എന്താണെന്ന് ആദിവാസികൾക്ക് അറിയില്ല.

ഹൈകോടതി അട്ടപ്പാടി ട്രൈബൽ താലൂക്ക് ഓഫിസർക്കും ഷോളയൂർ വില്ലേജ് ഓഫീസർക്കും ആണ് ഉത്തരവ് നൽകിയത്. എന്നാൽ, വെള്ളകുളത്തെ ഭൂമിയുടെ ഹൈകോടതി ഉത്തരവോ ആദിവാസികളുടെ പരാതിയോ സംബന്ധിച്ച് യാതൊരു വിവരവും അറിയില്ലെന്നാണ് തഹസിൽദാർ മാധ്യമം ഓൺ ലൈനോട് പറഞ്ഞത്. വില്ലേജ് ഓഫിസറാകട്ടെ 2023 നവംമ്പർ രണ്ടിനാണ് ഷോളയൂരിൽ നിയമിതനായത്. വെള്ളകുളത്തെ ഭൂമി പ്രശ്നം സംബന്ധിച്ച് അദ്ദേഹത്തിനും അറിയില്ലെന്ന പറഞ്ഞു.

എന്നാൽ, ഈമാസം നാലിന് താലൂക്ക് ഓഫിസിൽനിന്ന് സർവേയർ മുത്തമ്മാളിന് ഭൂമി അളക്കുന്നത് സംബന്ധിച്ച് കത്ത് അയച്ചിരുന്നു. യഥാർഥ പട്ടയവുമായി രാവിലെ താലൂക്കിൽ എത്തണമെന്ന് രങ്കിക്കും കത്തയച്ചിരുന്നു. അതേസമയം 14ന് തസഹിൽദാർ നൽകിയ നോട്ടീസ് പ്രകാരം ഭൂമിയുടെ അതിർത്തികൾ പുനസ്ഥാപിച്ചത് സംബന്ധിച്ച് സംബന്ധിച്ച പരാതികൾ അറിയപ്പ് ലഭിച്ച് മൂന്നു മാസത്തിനുള്ളിൽ സർവേ ഭൂരേഖ സൂപ്രണ്ടിന് നൽകണമെന്നാണ്. തഹസിൽദാർ അറിയാതെയാണ് ഇതെല്ലാം നടപടികളെല്ലാം നടന്നതെന്ന വാദം ഇതോടെ പൊളിയുകയാണ്. വിവരം അറിയല്ലെന്ന തഹസിദാരുടെ മറുപടിയിൽ ദുരൂഹതയുണ്ടോ എന്നാണ് ഇനി അറിയേണ്ടത്.

Tags:    
News Summary - Complaint about encroachment of tribal land in Vellakulam in Attapadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.