തൃശൂർ: സംസ്ഥാനത്തെ കോളജ് അധ്യാപകരുടെ ഏഴാം യു.ജി.സി ശമ്പള പരിഷ്കരണത്തിനായി കോളജ് വിദ്യാഭ്യാസവകുപ്പ് ഇറക്കിയ ഉത്തരവിൽ അടിമുടി അവ്യക്തത. ആറാം ശമ്പള കമീഷെൻറ മുഴുവൻ ആനുകൂല്യങ്ങളും കിട്ടിയതായി കണക്കാക്കി പുതിയ സ്കെയിൽ കോളജ് വിദ്യാഭ്യാസ വകുപ്പിനെ ജൂലൈ ഒമ്പതിനകം കോളജ് പ്രിൻസിപ്പൽമാർ അറിയിക്കാനാണ് ഉത്തരവിൽ പറയുന്നത്. ആറാം ശമ്പള കമീഷെൻറ ആനുകൂല്യം കിട്ടിയെന്ന് കണക്കാക്കുന്നതെങ്ങനെ എന്നതാണ് പ്രിൻസിപ്പൽമാരെ കുഴക്കുന്നത്. സംസ്ഥാനത്തെ സർക്കാർ കോളജുകളിലെ അധ്യാപകർക്ക് സ്ഥാനക്കയറ്റം ഉൾെപ്പടെയുള്ള ആനുകൂല്യങ്ങൾ ലഭിച്ചില്ലെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരിക്കെയാണ് ഈ വൈരുധ്യം.
2006 മുതൽ 2016 വരെയാണ് ആറാം ശമ്പള കമീഷെൻറ കാലാവധി. 2010ലാണ് യു.ജി.സി ആറാം ശമ്പള കമീഷൻ നിലവിൽ വന്നത്. ശമ്പളത്തിനു പുറമെ സ്ഥാനക്കയറ്റം ഉൾെപ്പടെയുള്ള കാര്യങ്ങൾ കമീഷൻ ഉത്തരവിൽ നിർദേശിക്കുന്നു. പല കാരണങ്ങളാൽ അധ്യാപകർക്ക് 2004 മുതൽ സ്ഥാനക്കയറ്റം മുടങ്ങുന്ന സ്ഥിതി വന്നു. എയ്ഡഡ് കോളജുകളിൽ ഭാഗികമായെങ്കിലും സ്ഥാനക്കയറ്റം നടപ്പാക്കിയിട്ടുണ്ട്. എന്നാൽ, സർക്കാർ കോളജുകളിൽ എല്ലാം മടക്കി. ഒന്നര പതിറ്റാണ്ടോളം സ്ഥാനക്കയറ്റം നടക്കാത്ത സ്ഥിതി വന്നു. ഇതിനായി അധ്യാപക സംഘടനകൾ സർക്കാറിൽ സമ്മർദം ചെലുത്തുന്നതിനിടെയിലാണ് എല്ലാം കിട്ടിയെന്ന് കണക്കാക്കി പുതിയ സ്കെയിൽ നിർണയിക്കാൻ ഉത്തരവ് വന്നത്.
ഏഴാം കമീഷൻ 2016 ജനുവരി മുതലാണ് നടപ്പാക്കേണ്ടത്. ഒരേ സമയം നിയമനം ലഭിച്ച ഗവ. കോളജുകളിലേയും എയ്ഡഡ് കോളജുകളിലേയും അധ്യാപകരുടെ ഗ്രേഡിങ്ങിലും ശമ്പളത്തിലും വലിയ വ്യത്യാസമാണ് നിലനിൽക്കുന്നത്. സംസ്ഥാനത്ത് എത്ര ബാധ്യത വരുമെന്ന് മനസ്സിലാക്കാനാണ് കോളജ് വിദ്യാഭ്യാസ വകുപ്പിെൻറ ശ്രമമെന്നാണ് ഔദ്യോഗിക വിശദീകരണം. ബാധ്യത മനസ്സിലാക്കി യു.ജി.സിയെ അറിയിക്കാനാണിതെന്ന് അധികൃതർ പറയുന്നു.
എന്നാൽ, സർവകലാശാലകളിലെ സെനറ്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മുഖം രക്ഷിക്കാൻ ഇറക്കിയ ഉത്തരവാണിതെന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകൾ ആരോപിക്കുന്നത്. കേന്ദ്രസർക്കാറിൽ നിന്ന് പണം കൈപ്പറ്റി വകമാറ്റി ചെലവഴിക്കുകയാണ് ലക്ഷ്യമെന്ന് സംഘടനകൾ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.