പൊലീസ് കസ്റ്റഡിയിലായ ദീപു

പെൺകുട്ടിയെ റോഡരികിലേക്ക് വിളിച്ചുവരുത്തി തുരുതുരെ വെട്ടി; ദേഹത്ത് പതിനഞ്ചോളം മുറിവുകൾ

കൽപറ്റ: ലക്കിടിയിൽ യുവാവിന്‍റെ ആക്രമണത്തിനിരയായ പെൺകുട്ടിയുടെ ദേഹത്ത് പതിനഞ്ചോളം മുറിവുകൾ. ആഴത്തിലുള്ള മുറിവുകളില്ലെങ്കിലും മൂക്കിനും കഴുത്തിനും സാരമായ മുറിവുണ്ട്. സംസാരിക്കാനെന്ന വ്യാജേന റോഡരികിലേക്ക് വിളിച്ചുവരുത്തിയ യുവാവ് തുരുതുരെ വെട്ടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.

പെൺകുട്ടിയും പൊലീസ് കസ്റ്റഡിയിൽ വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള പാലക്കാട് മണ്ണാർക്കാട് സ്വദേശി ദീപുവും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നു. പ്രണയത്തിൽനിന്ന് പിന്മാറിയെന്നാരോപിച്ചാണ് ഇയാൾ പുൽപള്ളി സ്വദേശിയായ കുട്ടിയെ ആക്രമിച്ചത്. ലക്കിടി എൽ.പി സ്‌കൂളിന് സമീപം വെച്ച് ഇന്ന് വൈകീട്ടായിരുന്നു സംഭവം.

ഫേസ്ബുക്കിലൂടെ മൂന്നു വർഷം മുൻപ് ഇരുവരും തമ്മിൽ പരിചയപ്പെട്ടിരുന്നതായാണ് വിവരം. യുവാവ് നേരത്തെ കോഴിക്കോട് വന്നു കുട്ടിയെ കാണാറുണ്ടായിരുന്നു. പ്രണയ വിവരമറിഞ്ഞ ഇരുവീട്ടുകാരും രണ്ടു പേരെയും ഇതിൽ നിന്നും പിന്തിരിപ്പിക്കുകയും യുവാവ് പിന്നീട് ഗൾഫിൽ പോകുകയും ചെയ്തു. ഗൾഫിൽ നിന്നും തിരിച്ചെത്തിയ യുവാവ് ഞായറാഴ്ച ലക്കിടിയിലെത്തി പെൺകുട്ടിയെ കണ്ടിരുന്നു. പ്രണയവുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലെന്ന് യുവതി അറിയിക്കുകയും ചെയ്തിരുന്നു.



തിരിച്ചു മണ്ണാർക്കാട്ടേക്കു പോയ യുവാവ് ഇന്നലെ വീണ്ടും ലക്കിടിയിലെത്തുകയും കോളജ് വിട്ടു കൂട്ടുകാരോടൊപ്പം പോകുകയായിരുന്ന പെൺകുട്ടിയെ സംസാരിക്കാൻ വേണ്ടി ഒറ്റക്ക് വിളിച്ചുകൊണ്ടുപോകുകയുമായിരുന്നു. സ്‌കൂളിന് എതിർവശത്തെ റോഡരികിൽവെച്ചാണ് ഇയാൾ പെൺകുട്ടിയെ കത്തികൊണ്ട് തുടരെ കുത്തിയത്. ഓടിരക്ഷപ്പെടുന്നതിനിടെ റോഡരികിലെ ചെളിയിലാണ്ട യുവാവിനെ നാട്ടുകാരാണ് പിടികൂടിയത്. പെൺകുട്ടിയെയും യുവാവിനെയും വൈത്തിരി ഗവ. താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. യുവതിയെ പിന്നീട് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൊലപാതക ശ്രമത്തിന് യുവാവിനെതിരെ കേസ്സെടുത്തിട്ടുണ്ടെന്നു വൈത്തിരി പോലീസ് അറിയിച്ചു.

Tags:    
News Summary - College student stabbed in Wayanad vythiri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.