തിരുവനന്തപുരം: യു.ജി.സി റെഗുലേഷൻ മറികടന്ന് 2017ൽ നടത്തിയ കോളജ് പ്രിൻസിപ്പൽ നിയമനം റദ്ദാക്കി രണ്ടുമാസത്തിനകം സെലക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് പകരം നിയമനം നടത്തണമെന്ന വിധി നടപ്പാക്കാത്തതിന് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയും കോളജ് വിദ്യാഭ്യാസ ഡയറക്ടറും നേരിൽ ഹാജരാകണമെന്ന് കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ഉത്തരവ്. വിധി നടപ്പാക്കാത്തത് ചോദ്യം ചെയ്ത് യൂനിവേഴ്സിറ്റി കോളജ് മുൻ അസോ. പ്രഫസർ ഡോ.എസ്. ബാബു നൽകിയ ഹരജിയിലാണ് ഉത്തരവ്. 2018 ലെ യു.ജി.സി റെഗുലേഷൻ പ്രകാരമുള്ള പ്രിൻസിപ്പൽ നിയമന നടപടികളിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ ഇടപെടൽ വിവാദമായതിന് പിന്നാലെയാണ് 2017ലെ പ്രിൻസിപ്പൽ നിയമനത്തിൽ സർക്കാർ കോടതിയലക്ഷ്യ നടപടി നേരിടുന്നത്.
2017ലെ നിയമനത്തിനെതിരെ 2022 ഡിസംബർ 16നാണ് ട്രൈബ്യൂണൽ ഉത്തരവ് വന്നത്. 2017 ഡിസംബർ 23 പ്രാബല്യത്തിൽ എല്ലാ ആനുകൂല്യവും സഹിതം നിയമനം നടത്താനും നിർദേശിച്ചിരുന്നു. അയോഗ്യനാക്കിയ സി.പി.എം അനുകൂല സംഘടന നേതാവും മലപ്പുറം ഗവ. കോളജ് പ്രിൻസിപ്പലുമായിരുന്ന ടി. ദാമോദരൻ ഉൾപ്പെടെ എട്ടുപേർ ഇതിനെതിരെ പുനഃപരിശോധന ഹരജി സമർപ്പിച്ചിരുന്നു. ഇതു പരിഗണിച്ച ട്രൈബ്യൂണൽ രണ്ടു മാസത്തിനകം സെലക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് ഹരജിക്കാരുടെ യോഗ്യത പരിശോധിക്കാനും യോഗ്യരാണെങ്കിൽ പ്രിൻസിപ്പൽ സ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്നും മാർച്ച് മൂന്നിന് ഉത്തരവ് നൽകി. ദാമോദരൻ ഉൾപ്പെടെ എട്ടുപേർ ഹൈകോടതിയിൽ ഹരജി നൽകിയെങ്കിലും സ്റ്റേ അനുവദിച്ചിട്ടില്ല.
വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകിയിട്ടുമില്ല. തുടർന്നാണ് വിധി നടപ്പാക്കാത്തത് ചോദ്യം ചെയ്ത് കോടതിയലക്ഷ്യ ഹരജിയുമായി ഡോ. ബാബു വീണ്ടും ട്രൈബ്യൂണലിനെ സമീപിച്ചത്. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയിയും കോളജ് വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ. സുധീറുമാണ് ട്രൈബ്യൂണൽ മുമ്പാകെ ഹാജരാകേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.