മാത്യു കുഴൽനാടന്‍റെ റിസോർട്ട് ഭൂമിയിലെ സർക്കാർ പുറമ്പോക്ക് ഏറ്റെടുക്കാൻ കലക്ടറുടെ അനുമതി

കൊച്ചി: മാത്യു കുഴൽനാടന്‍റെ ചിന്നക്കനാലിലെ റിസോർട്ട് ഭൂമിയിലെ സർക്കാർ പുറമ്പോക്ക് ഭൂമി ഏറ്റെടുക്കാൻ ജില്ല കലക്ടറുടെ അനുമതി. കയ്യേറ്റം ചൂണ്ടികാണിച്ച് ലാൻഡ് റവന്യു തഹസിൽദാർ നൽകിയ റിപ്പോർട്ട് കലക്ടർ അംഗീകരിച്ചു. പ്രാഥമിക നടപടിയുടെ ഭാഗമായി സർവ്വേ പ്രകാരം വില്ലേജ് ഓഫിസറോട് റിപ്പോർട്ട് വാങ്ങും. ഇതിന് ശേഷമാകും കയ്യേറ്റം ഒഴിപ്പിക്കൽ നടപടി ആരംഭിക്കുക. 50 സെന്‍റ് സർക്കാർ ഭൂമി മാത്യു കുഴൽനാടൻ കയ്യേറി മതിൽ കെട്ടിയെന്നാണ് കണ്ടെത്തൽ.

2022ലാണ് മാത്യു കുഴൽനാടനും സുഹൃത്തുക്കളും ചേർന്ന് ചിന്നക്കനാലിൽ റിസോർട്ട് വാങ്ങിയത്. ഈ ഇടപാടിൽ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ആരോപിച്ച് സി.പി.എം എറണാകുളം ജില്ല കമ്മിറ്റി രംഗത്തെത്തി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണിപ്പോൾ കുഴൽനാടന് വിജിലൻസ് നോട്ടീസ് അയച്ചിരിക്കുന്നത്. 4000 സ്‌ക്വയർഫീറ്റ് ഉള്ള ഒരു കെട്ടിടവും 850 സ്‌ക്വർഫീറ്റ് വീതമുള്ള രണ്ട് കെട്ടിടങ്ങളുമാണ് മാത്യുവിന്‍റെയും സുഹൃത്തുക്കളുടെയും ഉടമസ്ഥതയിലുള്ളത്.

കപ്പിത്താൻ എന്ന് പേരിട്ടിരിക്കുന്ന റിസോർട്ടിലെ വലിയ കെട്ടിടം റിസോർട്ട് ആവശ്യങ്ങൾക്കും ചെറിയ കെട്ടിടം പാർപ്പിടാവശ്യങ്ങൾക്കും നിർമിച്ചു എന്നായിരുന്നു രേഖകൾ. ഇതിൽ ഗാർഹികാവശ്യത്തിന് അനുമതി വാങ്ങി നിർമിച്ച കെട്ടിടങ്ങൾ റിസോർട്ട് ആവശ്യത്തിന് ഉപയോഗിച്ചു എന്നതാണ് കുഴൽനാടനെതിരെയുള്ള ആരോപണം. തുടർന്ന് റിസോർട്ടിന്‍റെ ലൈസൻസ് പുതുക്കി നൽകാത്ത സാഹചര്യമുണ്ടായെങ്കിലും രേഖകൾ സുതാര്യമാക്കിയതിനെ തുടർന്ന് ലൈസൻസ് പുതുക്കി നൽകി. 

Tags:    
News Summary - Collector's permission to take over government land on Mathew Kuzhalnadan's resort land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.