സ്​നിജോ കാത്തിരുന്നു, അനുവിനെ മരണം തട്ടിയെടുത്തത്​ അറിയാതെ

എരുമപ്പെട്ടി: അനുവിനെ മരണം തട്ടിയെടുത്തത് പ്രിയതമനുമായുള്ള പുനഃസമാഗമത്തിന് ഒന്നരമണിക്കൂർ ശേഷിക്കെ. മരിച്ച അനുവും സ്​നിജോയുമായുള്ള വിവാഹം നടന്നത് ഒരുമാസം മുമ്പ് മാത്രമാണ്​. ജനുവരി 19നായിരുന്നു വിവാഹം.

ഇയ്യാൽ കൊള് ളന്നൂർ വീട്ടിൽ വർഗീസ്-മർഗ്​ലി ദമ്പതികളുടെ ഇളയ മകളായ അനു ഒരുവർഷമായി ബംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ സ്ഥാപനത്തിൽ മെഡിക്കൽ കോഡറായി ജോലി ചെയ്തു വരുകയായിരുന്നു. ഖത്തറിൽ ജോലി ചെയ്യുന്ന സ്നിജോ വിവാഹത്തിനായാണ് മൂന്നുമാസത്തെ അവധിക്ക്​ നാട്ടിലെത്തിയത്. വിവാഹശേഷം എരുമപ്പെട്ടി പള്ളിയിലെ പെരുന്നാൾ കൂടിയ ദമ്പതികൾ ഫെബ്രുവരി നാലിന്​ മധുവിധു ആഘോഷിക്കാൻ ഡൽഹിയിലേക്ക് പുറപ്പെട്ടു. ടൂറിനു ശേഷം ഫെബ്രുവരി എട്ടിന് ഇരുവരും മംഗളൂരുവിൽ എത്തി. ദീർഘകാലം അവധി തുടരാൻ കഴിയാത്തതിനാൽ അനു ജോലിയിൽ പ്രവേശിച്ചു.

ഞായറാഴ്ച വിദേശത്തേക്ക് തിരിച്ചുപോകാനുള്ള ഒരുക്കത്തിനായി ഫെബ്രുവരി 18ന്​ സ്നിജോ നാട്ടിലെത്തി. അനുവിന് അവധി കിട്ടാത്തതിനാലാണ് ഇരുവർക്കും ഒന്നിച്ച് വരാൻ കഴിയാത്തത്. ഞായറാഴ്ച ജോലിസ്ഥലത്തേക്ക് തിരിക്കുന്ന സ്നിജോയെ യാത്രയാക്കാനാണ്​ അനു ബുധനാഴ്ച വൈകീട്ട് നാട്ടിലേക്ക് തിരിച്ചത്. അനുവിനെ കൊണ്ടുവരാൻ ബസ്​സ്​റ്റാൻഡിലേക്ക്​ മൂന്നരയോടെ തന്നെ സ്നിജോ വീട്ടിൽനിന്ന്​ കാറുമായി പുറപ്പെട്ടു. യാത്രയിൽ പലതവണ അനുവിനെ ഫോണിൽ വിളിച്ചെങ്കിലും ബന്ധപ്പെടാൻ കഴിഞ്ഞില്ല. നിശ്ചിതസമയം കഴിഞ്ഞും ബസ് എത്താത്തതിനാൽ അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു സ്നിജോ. അപ്പോഴാണ് ബസ് അപകടത്തിൽപെട്ട വിവരമറിയുന്നത്. ഉടൻ നാട്ടിൽ വിവരമറിയിച്ച് രണ്ട് സുഹൃത്തുക്കളെയും കൂട്ടി കോയമ്പത്തൂരിലേക്ക് തിരിക്കുകയായിരുന്നു.

Tags:    
News Summary - Coimbotore ksrtc accident-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.