ഒാണാശംസ നേർന്ന്​ മുഖ്യമന്ത്രി; ആഘോഷം കരുതലോടെ മാത്രം മതി

തിരുവനന്തപുരം: വിവിധയിടങ്ങളിലുള്ള എല്ലാ മലയാളികൾക്കും ഓണാശംസ നേർന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ വർഷങ്ങളിൽ നിന്ന്​ വ്യത്യസ്​തമായി കോവിഡിനോട്​ പൊരുതിയാണ്​ മലയാളികൾ ഓണം ആഘോഷിക്കേണ്ടതെന്ന്​ മുഖ്യമന്ത്രി ഉണർത്തി.e

'ഏത് ഓണത്തിനും കുടുംബത്തിലേക്ക് ഓടിയെത്തുന്നതാണ് മലയാളികളുടെ ശീലം. ഇപ്പോൾ യാത്രകൾ നിയന്ത്രിക്കപ്പെട്ടു. ഓണത്തിന് സാധ്യമായ സഹായം എത്തിക്കാനും ആനുകൂല്യം നൽകാനും സർക്കാരിന് കഴിഞ്ഞു. എല്ലാ വിധ ഭേതചിന്തകൾക്കും അധീതമായി എല്ലാവരും ഒരുമിച്ചു കഴിയുന്ന ഒരു കാലമാവട്ടെ ഓണം. പരിമിധികളിൽനിന്നുകൊണ്ട് ഓണം ആഘോഷിക്കാം. എല്ലാ മലയാളികൾക്കും ഓണാശംസകൾ'- മുഖ്യമന്ത്രി പറഞ്ഞു.

'രോഗം പിടിപെടാതിരിക്കാൻ ഓരോരുത്തരും ശ്രദ്ധിച്ചേ മതിയാകു. ഓണം വലിയൊരു പ്രതീക്ഷയാണ്. പ്രകാശപൂർണമായ ഒരു കാലമുണ്ടെന്ന് പ്രതീക്ഷ നൽകുന്ന കാലം. മാനുഷരെല്ലാരും ഒന്നുപോലെ കഴിഞ്ഞിരുന്ന കാലം പണ്ടുണ്ടായിരുന്നു എന്ന് ആ സന്ദേശം പകർന്നു തരുന്നു. വറ്റാത്ത ഊർജത്തിൻെറ ഉറവിടമാണ് അത്. എല്ലാവരും സ്നേഹത്തിൽ സമൃദ്ധിയിൽ കഴിയുന്ന ഒരു കാലം. ഓണമുണ്ണുന്നതും ഒത്തചേരുന്നതും മലയാളികളുടെ അഹ്ലാദകരമായ അനുഭവമാണ്.

ഓണത്തിൻെറ സമയത്ത് ബന്ധുക്കളുടേയും സുഹൃത്തുകളുേടയും വീടുകൾ സന്ദർശിക്കുന്ന പതിവ് ഒഴിവാക്കണം. ഓണക്കാലത്ത് വിപണികൾ സജീവമാകുന്നത് പതിവാണ്. ഇത്തവണ പരിമിതകളുണ്ട്. കടകളിൽ പോകുമ്പോൾ കുട്ടികളേയും പ്രായമായവരേയും കൊണ്ടുപോകരുത്. ഒരു വീട്ടിൽ നിന്നും ഒന്നോ രണ്ടോ പേർ മാത്രം ഷോപ്പിങ്ങിന് പോകണം. നേരത്തെ കടകളിൽ തിരക്കു കൂടുമ്പോൾ ഷട്ടർ താഴ്ത്തുന്ന രീതി ഉണ്ടായിരുന്നു.

ഓരോ കടയുടേയും സാധ്യതയ്ക്കനുസരിച്ച് മാത്രമെ കടയ്ക്കുള്ളിൽ ഉണ്ടാകാൻ പാടുള്ളു. ഒരു കാരണവശാലും കട അടച്ചിടാൻ പാടില്ല. അങ്ങനെ വന്നാൽ വായു സഞ്ചാരം കുറയുകയും കോവിഡ് വ്യാപിക്കുകയും ചെയ്യും. വസ്ത്രങ്ങൾ ധരിച്ചു നോക്കി എടുക്കുന്നത് ഒഴിവാക്കണം. കടകളിൽ കയറിയാൽ ആവശ്യമുള്ള സാധങ്ങൾ മാത്രം എടുക്കുക. ബില്ല് പണമായി നൽകുന്നതിന് പകരം ഡിജിറ്റൽ ഇടപാട് നടത്താൻ ശ്രമിക്കണമെന്നും ബ്രേക്ക് ദ് ചെയിൻ കൗണ്ടറുകൾ സ്ഥാപിച്ചിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.