മുഖ്യമന്ത്രി തെരഞ്ഞെടുപ്പ്: പ്രവർത്തകർ പക്വത കാണിക്കണം, പിന്നിൽ ബാഹ്യസമ്മർദമെന്ന് സംശയം -ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തകർ തെരുവിലിറങ്ങി നടത്തുന്ന പരസ്യ പ്രതിഷേധങ്ങളെയും പ്രകടനങ്ങളെയും തള്ളി ചാണ്ടി ഉമ്മൻ എം.എൽ.എ. സ്വകാര്യ ന്യൂസ് ചാനലിനോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത്തരം പ്രകടനങ്ങൾ യഥാർഥ പൊതുജനവികാരമല്ലെന്നും വൈകാരികത പ്രകടിപ്പിക്കുന്ന പ്രവർത്തകർ പക്വത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രവർത്തകരുടെ പ്രതിഷേധങ്ങൾക്ക് പിന്നിൽ ബാഹ്യസമ്മർദങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് പറഞ്ഞ അദ്ദേഹം, പ്രകടനങ്ങൾക്കിടയിലേക്ക് മറ്റുള്ളവർ നുഴഞ്ഞുകയറി പ്രശ്നങ്ങൾ സൃഷ്ടിച്ചാൽ അതിന്റെ ഉത്തരവാദിത്തം പാർട്ടിയുടെ തലയിലാകുമെന്നും മുന്നറിയിപ്പ് നൽകി.

പാർട്ടിയോടും നേതാക്കളോടുമുള്ള സ്നേഹം വൈകാരികമായി പ്രകടിപ്പിക്കുന്നതിൽ തെറ്റില്ല, എങ്കിലും അതിൽ മിതത്വം വേണം. തന്റെ മണ്ഡലത്തിലുള്ള പ്രവർത്തകരോട് പരസ്യമായ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും നിൽക്കരുതെന്ന് നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഉമ്മൻ ചാണ്ടിയെയും എ.കെ. ആന്റണിയെയും പോലുള്ള മുതിർന്ന നേതാക്കളെ മുഖ്യമന്ത്രിമാരായി തെരഞ്ഞെടുത്ത പാർട്ടിയുടെ പാരമ്പര്യത്തിലും നടപടിക്രമങ്ങളിലും പ്രവർത്തകർ വിശ്വാസമർപ്പിക്കുകയാണ് വേണ്ടത്.

സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾ പൊതുജനവികാരമായി കാണാൻ കഴിയില്ലെന്നും ഇത്തരം സാഹചര്യങ്ങൾ മറ്റ് രാഷ്ട്രീയ പാർട്ടികൾ മുതലെടുക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ മുഖ്യമന്ത്രിയുടെ കാര്യത്തിൽ കോൺഗ്രസ് പാർട്ടിയും മുന്നണിയും ഉടൻ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

Tags:    
News Summary - CM Selection: Chandy Oommen Says Protests Not Public Sentiment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.