‘രാഷ്ട്രീയപ്രവർത്തകരെ ജയിലിൽ പോയി കാണുന്നത് സ്വാഭാവികം’; പി. ജയരാജന്‍റെ ജയിൽ സന്ദർശനം ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്റെ വിവാദ ജയിൽ സന്ദർശനം ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ പ്രവർത്തകർ ജയിലിൽ കിടക്കുമ്പോൾ നേതാക്കൾ കാണുന്നത് സ്വാഭാവികമാണെന്നും സംഭവം ഗൗരവത്തോടെ കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പെരിയ കൊലക്കേസ് പ്രതികളെ ജയരാജൻ ജയിലിൽ സന്ദർശിച്ചതിനെയാണ് മുഖ്യമന്ത്രി ന്യായീകരിച്ചത്.

രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടാകാൻ പാടില്ല എന്നതാണ് സർക്കാറിന്‍റെ നിലപാട്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ദൃഡനിശ്ചയത്തോടെയുള്ള നിലപാടാണ് ഇതിന് വേണ്ടത്. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇതിൽ സഹകരിക്കുന്നുണ്ട്. രാഷ്ട്രീയ കൊലപാതക കേസുകളിൽ നീതിയുക്തവും സുതാര്യവുമായ അന്വേഷണം നടത്തും. ഉത്തരവാദികൾക്കെതിരെ ശക്തമായ നിയമനടപടികൾ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടിയിൽ വ്യക്തമാക്കി. പ്രതിപക്ഷ എം.എൽ.എമാരായ റോജി എം.ജോണ്‍, മാത്യു കുഴല്‍നാടന്‍, ടി.സിദ്ദിഖ് എന്നിവര്‍ ഉന്നയിച്ച ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകിയത്.

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനേയും കൃപേഷിനേയും വെട്ടിക്കൊന്ന കേസില്‍ ഉദുമ മുന്‍ എം.എല്‍.എ കുഞ്ഞിരാമന്‍ അടക്കമുളള പ്രതികളെ സി.ബി.ഐ കോടതി ശിക്ഷിച്ചിരുന്നു. ഇവരെയാണ് പി. ജയരാജന്‍ അടക്കമുളള സി.പി.എം നേതാക്കള്‍ സന്ദര്‍ശിച്ചത്. പിന്നീട് പാർട്ടി നേതാക്കളായ പ്രതികൾ ജാമ്യം നേടി ജയിലിൽനിന്ന് പുറത്തിറങ്ങിയപ്പോഴും സ്വീകരിക്കാൻ മുതിർന്ന നേതാക്കൾ എത്തിയിരുന്നു.

Tags:    
News Summary - CM Pinarayi Vijayan supports P Jayarajan in visting CPM leaders at Kannur jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.