മുഖ്യമന്ത്രി ഹലാലിനെ ന്യായീകരിക്കുന്നത്​ അടുത്തിടെ വീട്ടിൽ അത്​ കിട്ടുന്നതിനാൽ -കെ. സുരേന്ദ്രൻ

ഹലാൽ ഭക്ഷണത്തെ പിന്തുണച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയനെ അതിരൂക്ഷമായി പ്രതികരിച്ച്​ ബി.ജെ.പി. വ്യക്​തിപരമായ അധിക്ഷേപമാണ്​ ബി.ജെ.പി സംസ്​ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മുഖ്യമന്ത്രിക്കെതിരെ നടത്തിയത്​. അടുത്തിടെയായി സ്വന്തം വീട്ടിൽ മുഖ്യമന്ത്രിക്ക്​ ഹലാൽ ഭക്ഷണമാണ്​ ലഭിക്കുന്നത്​. അതിനാലാണ്​ പിണറായി ഹലാലിനെ ന്യായീകരിച്ച്​ രംഗത്തെത്തിയതെന്ന്​ കെ. സുരേന്ദ്രൻ പറഞ്ഞു. പോപ്പുലർ ഫ്രണ്ട് അജണ്ടയായ ഹലാലിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയാണ് ഇവിടെയുള്ളത്. ഹലാൽ ഭക്ഷണം നല്ലതെന്ന് പറയുന്ന മുഖ്യമന്ത്രി തീവ്രവാദികൾക്ക് പിന്തുണ നൽകുകയാണ്.

ഹലാൽ നല്ല ഭക്ഷണം എങ്കിൽ ബാക്കി എല്ലാം മോശം ഭക്ഷണമാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അടുത്തിടെയായി വീട്ടിൽ ഹലാൽ ഭക്ഷണം മാത്രം കിട്ടുന്നതു കൊണ്ടാണോ മുഖ്യമന്ത്രി അതിനെ ന്യായീകരിക്കുന്നത്. ഇര വാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രി. ഇത് ആപൽക്കരമായ നീക്കമാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. കേരളത്തിൽ ഹലാൽ ഭക്ഷണ ചർച്ച ഗുരുതരമായ രീതിയിൽ ചർച്ച ചെയ്യാൻ തുടക്കമിട്ടതും കെ. സുരേന്ദ്രനായിരുന്നു.

ഇത്​ വർഗീയമായ രീതിയിൽ പ്രചരിക്കുന്നതിനിടെയാണ്​ ഹലാൽ ഭക്ഷണത്തിന്‍റെ യാഥാർഥ്യം വ്യക്​തമാക്കി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്​. ഹലാൽ ചേരിതിരിവിന്​ സംഘ്​പരിവാർ ആസൂത്രിത ശ്രമം നടത്തുന്നു എന്ന പിണറായി വിജയന്‍റെ പ്രസ്​താവനയാണ്​ സുരേന്ദ്രനെ വിറളി പിടിപ്പിച്ചത്​. ബി.ജെ.പി പാലക്കാട് ജില്ലാ നേതൃയോ​ഗത്തിൽ സംസാരിക്കവെയാണ്​ സുരേന്ദ്രന്‍റെ വിദ്വേഷ പ്രസംഗം. പരിപാടി ഉദ്​ഘാടനം ചെയ്​ത ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ഡി.പുരന്ദേശ്വരിയും ഹലാലിനെ സംബന്ധിച്ചാണ്​ ചർച്ച നടത്തിയത്​.

ഹലാലിന്‍റെ പേരിൽ മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും ഒരു വിഭാ​ഗത്തെ പ്രീണിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ഡി.പുരന്ദേശ്വരി പറഞ്ഞു. ഹലാൽ ഭക്ഷണം നല്ലതാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അപ്പോൾ മറ്റു ഭക്ഷണങ്ങൾ നല്ലതല്ലേയെന്ന് അവർ ചോദിച്ചു. മുഖ്യമന്ത്രിയുടെ ഹലാൽ ഉദ്ദേശം നല്ലതല്ല. വോട്ട്ബാങ്ക് രാഷ്ട്രീയം മാത്രമാണ് അതിന്‍റെ ലക്ഷ്യം. കേരളത്തിലെ സർക്കാർ ഒരു പ്രത്യേക വിഭാ​ഗത്തെ പ്രീണിപ്പിക്കുകയാണ്. സഞ്ജിത്തിന്‍റെ കൊലപാതകികളെ സംസ്ഥാന സർക്കാർ രക്ഷിക്കാൻ ശ്രമിക്കുകയാണ്. അതുകൊണ്ടാണ് പോപ്പുലാർ ഫ്രണ്ടിന്‍റെ പേര് എഫ്.ഐ.ആറിൽ ഇല്ലാത്തത്. തദ്ദേശ തെരഞ്ഞെടുപ്പിൽ എസ്​. ഡി. പി. ഐയുടെ പിന്തുണയോടെയാണ് സി.പി.എം പല തദ്ദേശ സ്ഥാപനങ്ങളും ഭരിക്കുന്നത്. പോപ്പുലാർ ഫ്രണ്ട് നടത്തുന്ന കൊലപാതകങ്ങളിലെല്ലാം കാഴ്ചക്കാരുടെ റോളിലാണ് സർക്കാരും പൊലീസും നിൽക്കുന്നതെന്നും പുരന്ദേശ്വരി പറഞ്ഞു.

എല്ലാ കാര്യത്തിലും ഒന്നാമതാണെന്ന് പറയുന്ന കേരള സർക്കാർ അട്ടപ്പാടിയിൽ ജനിച്ചു വീഴുന്ന കുട്ടികൾ എങ്ങനെയാണ് മരിക്കുന്നതെന്ന് വ്യക്തമാക്കണം. കേരളത്തിന്‍റെ വികസനത്തിന് വേണ്ടി കേന്ദ്രം നൽകുന്ന പണം നിങ്ങൾ എന്താണ് ചെയ്യുന്നത്? കേന്ദ്രസർക്കാർ പദ്ധതികൾ ജനങ്ങളിലെത്തിക്കാൻ കേരളത്തിലെ ബി.ജെ.പി പ്രവർത്തകർക്ക് സാധിക്കും. ബി.ജെ.പിക്ക് അധികാരം ജനങ്ങളെ സേവിക്കാനുള്ള മാർ​ഗമാണ്. മറ്റു രാഷ്ട്രീയപാർട്ടികളിൽ നിന്നും ബി.ജെ.പിയെ വ്യത്യസ്തമാക്കുന്നത് ഇതാണ്. ബി.ജെ.പി പ്രീണനത്തിൽ വിശ്വസിക്കുന്ന പാർട്ടിയല്ല. കേന്ദ്രസർക്കാർ എല്ലാ വിഭാ​ഗം ജനങ്ങൾക്കും വേണ്ടിയാണ് പ്രവർത്തിക്കുന്നത്. കേന്ദ്രസർക്കാരിന്‍റെ പദ്ധതികളെല്ലാം എല്ലാവർക്കും വേണ്ടിയുള്ളതാണെന്നും പുരന്ദേശ്വരി പറഞ്ഞു. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ അദ്ധ്യക്ഷൻ കെ.എം ഹരിദാസൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽസെക്രട്ടറി സി.കൃഷ്ണകുമാർ, സംസ്ഥാന ട്രെഷറർ ഇ.കൃഷ്ണദാസ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - CM justifies halal because he recently got it at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.