അഴിമതി മറയ്ക്കാൻ സി.പി.എം വർഗീയതയുമായി സന്ധി ചെയ്തു; ഇ.പി. ജയരാജനെ തൊടാൻ മുഖ്യമന്ത്രിക്കും പാർട്ടിക്കും ഭയം -വി.ഡി. സതീശൻ

തിരുവനന്തപുരം: ആർക്ക് വേണമെങ്കിലും ബി.ജെ.പിയിലേക്ക് പോകാമെന്ന ഗ്രീൻ സിഗ്നൽ നൽകുകയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇ.പി.ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയമാണ്. മുഖ്യമന്ത്രിയുടെ ഏജന്റായി ബി.ജെ.പിയുമായി സംസാരിച്ച ഇ.പി ജയരാജനെതിരെ ചെറുവിരൽ അനക്കാനുള്ള ധൈര്യം കേരളത്തിലെ സി.പി.എമ്മിനില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ഇ.പി ജയരാജന്റെ നാവിൻ തുമ്പിലുള്ളത് സി.പി.എമ്മിനെയും മുഖ്യമന്ത്രിയെയും ഒന്നാകെ തകർക്കാനുള്ള ബോംബുകളാണ്. അതുകൊണ്ട് തന്നെ ജയരാജന് എതിരെ നടപടി എടുക്കാനുള്ള ധൈര്യമോ ആർജവമോ സി.പി.എമ്മിനില്ല. ജയരാജന് ബി.ജെ.പിയിലേക്ക് പോകാൻ സമ്മതം നൽകുക കൂടിയാണ് സി.പി.എം ഇന്ന് ചെയ്തത്.

കൊടിയ അഴിമതി നടത്തിയവരേയും അതിന്റെ പ്രതിഫലം പറ്റിയവരേയും സംരക്ഷിക്കാൻ വർഗീയതയുമായി സി.പി.എം സന്ധി ചെയ്തു. ഇ.പി ജയരാജൻ മാത്രമല്ല മുഖ്യമന്ത്രിയും പ്രകാശ് ജാവ്ദേക്കറുമായി പലതവണ സംസാരിച്ചിട്ടുണ്ട്. ഇ.പിക്കെതിരെ നടപടി എടുത്താൻ മുഖ്യമന്ത്രിക്ക് എതിരെയും നടപടി വേണ്ടി വരും. അപ്പോൾ പിണറായി വിജയനെയും കൂട്ടുപ്രതിയായ ഇ.പി ജയരാജനെയും സംരക്ഷിക്കുകയെന്ന നാണംകെട്ട മാർഗം മാത്രമേ സി.പി.എമ്മിന് മുന്നിലുള്ളൂ.

മുഖ്യമന്ത്രി എവിടെ വച്ചാണ് ജാവ്ദേക്കറുമായി സംസാരിച്ചതെന്ന് കൂടി സി.പി.എം സംസ്ഥാന നേതൃത്വം വ്യക്തമാക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ബി.ജെ.പി നേതാക്കളെ കണ്ടാൽ സി.പി.എമ്മിന്റെ പ്രത്യയശാസ്ത്രം തകരും എന്നത് പൈങ്കിളി സങ്കൽപ്പമാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി പറയുന്നു. ഇ.പി ജയരാജനും എസ്. രാജേന്ദ്രനും പിന്നാലെ വരുന്നവർക്കും ബി.ജെ.പിയിലക്ക് വഴിവെട്ടുകയാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയെന്നും വി.ഡി. സതീശൻ ആരോപിച്ചു.

Tags:    
News Summary - CM and party afraid of EP Jayarajan says VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.