തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ (പഴവങ്ങാടി തോട്) റെയില്‍വേ ട്രാക്കിന് അടിയിലെ ടണല്‍ വൃത്തിയാക്കുന്ന പ്രവര്‍ത്തി പൂര്‍ത്തിയാക്കിയതായി മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു. ടണലിനു പുറത്ത് ശേഷിക്കുന്ന 65 മീറ്റര്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്ഥലം സന്ദര്‍ശിച്ച ശേഷം മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
63 ലക്ഷം രൂപ മുടക്കി ജലസേചന വകുപ്പ് നടത്തിയ ജോലികളാണ് ലക്ഷ്യം കാണുന്നത്. നഗര വെള്ളപ്പൊക്ക ലഘൂകരണ പദ്ധതിയില്‍നിന്ന് പണം ചെലവിട്ടാണിത്. കഴിഞ്ഞ ഒക്ടോബറിലാണ് ശുചീകരണം ആരംഭിച്ചത്. ഇടയ്ക്കിടെ പെയ്ത മഴ പിന്നെയും തടസ്സം സൃഷ്ടിച്ചെങ്കിലും കഴിഞ്ഞയാഴ്ചയോടെ ടണലിനടിയിലെ മാലിന്യം ഏറെക്കുറേ പൂര്‍ണമായി നീക്കി.
റെയില്‍വേ ടണലിന് അടിയിലൂടെയുള്ള തോടിന്റെ 117 മീറ്ററില്‍ 1200 ഘന മീറ്റര്‍ മാലിന്യം നീക്കം ചെയ്തു. പവര്‍ഹൗസ് റോഡിനു സമീപം ടണല്‍ അവസാനിക്കുന്ന ഭാഗം വഴി എക്സ്കവേറ്റർ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഇറക്കിയാണ് ദുഷ്കരമായ ജോലികള്‍ പൂര്‍ത്തിയാക്കിയത്.
പഴവങ്ങാടി തോട് സംരക്ഷണത്തിന് വേലി കെട്ടുന്നതിനായി ജലസേചന വകുപ്പ് 5.54 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തോട്ടില്‍ മാലിന്യം തള്ളുന്ന ഭാഗങ്ങളില്‍ വേലി കെട്ടി സംരക്ഷിക്കുകയാണ് ലക്ഷ്യം.
ആമയിഴഞ്ചാന്‍ തോട്ടില്‍ സംരക്ഷണഭിത്തികെട്ടുന്നതിന് 12 കോടി രൂപയുടെ ഭരണാനുമതിയാണ് നല്‍കിയത്. ആനയിറയ്ക്കടുത്ത് നെല്ലിക്കുഴി പാലം മുതല്‍ താഴേക്കാണ് തകര്‍ന്ന സംരക്ഷണ ഭിത്തി പുനര്‍ നിര്‍മിച്ച് ഇരുകരകളും സംരക്ഷിക്കുന്നതിനുള്ള ജോലികൾ നടത്തുക.
പഴവങ്ങാടി തോടില്‍ പനവിള മുതല്‍ കോണ്‍ഫ്ളുവന്‍സ് പോയിന്റ് വരെയുള്ള ശുചീകരണം, മറ്റ് അറ്റകുറ്റ പണികൾ എന്നിവക്ക് 30 ലക്ഷം രൂപയുടെ ഭരണാനുമതിയും നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.