സ്വകാര്യ ബസുകളുടെ നഗരപ്രവേശനം: വൈപ്പിന്‍കരക്ക് പ്രത്യേക സ്‌കീം

വൈപ്പിന്‍: സ്വകാര്യ ബസുകളുടെ നഗരപ്രവേശനം സാധ്യമാക്കുന്നതിന് വൈപ്പിന്‍കരക്കു പ്രത്യേകമായി പുതിയ സ്‌കീം തയാറാക്കാന്‍ മന്ത്രി അഡ്വ. ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം. നിയമപരമായ സുസ്ഥിര പ്രാബല്യത്തിനായാണ് പുതിയ സ്‌കീം കൊണ്ടുവരുന്നത്.

നിരവധി കോടതി വിധികളുടെ പശ്ചാത്തലത്തില്‍ സ്വകാര്യ ബസുകളുടെ നഗര പ്രവേശനം നടപ്പാക്കുന്നതിന് നിയമപരമായ സാധുതയും പ്രായോഗികതയും യോഗം വിലയിരുത്തി. മോട്ടോര്‍വാഹന വകുപ്പുമായി കൂടിയാലോചിച്ചു ദിവസങ്ങള്‍ക്കകം പുതിയ സ്‌കീം തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച് ഉടന്‍ അന്തിമവിജ്ഞാപനം പുറപ്പെടുവിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

പുതിയ സ്‌കീം ജൂണില്‍ പ്രാബല്യത്തിലാക്കുന്നതിനായി എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കണമെന്ന് യോഗം വിലയിരുത്തി. പുതിയ സ്‌കീം നടപ്പാക്കിയാല്‍ ഇപ്പോഴത്തെയും ഭാവിയിലെയും യാത്രാവശ്യങ്ങള്‍ പരിഹരിക്കാന്‍ കഴിയും. കെ.എസ്.ആര്‍.ടി.സിയെ ബാധിക്കാത്ത വിധത്തില്‍ ഗോശ്രീ പാലം, കണ്ടെയ്നര്‍ റോഡ് എന്നിവയിലൂടെ പുതിയ സ്‌കീം കൊണ്ടുവന്ന് അതില്‍ നിലവിലെ സ്വകാര്യ ബസുകളെയും ഭാവിയില്‍ വന്നേക്കാവുന്ന പുതിയ ഓപ്പറേറ്ററുകളെയും ഉള്‍പ്പെടുത്തി പെര്‍മിറ്റ് നല്‍കാന്‍ സ്‌കീമില്‍ വ്യവസ്ഥ ചെയ്യണമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അഭിപ്രായപ്പെട്ടു.

വൈപ്പിന്‍ ബസുകളുടെ നഗര പ്രവേശനം സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ട് യോഗത്തില്‍ വിശദീകരിച്ചു. നഗരപ്രവേശനത്തിനു 2017ലെയും 2019ലെയും സര്‍ക്കാര്‍ ഉത്തരവനുസരിച്ചുള്ള സ്‌കീമുകളില്‍ ഭേദഗതി വരുത്തിയാല്‍ മതിയാകുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് യോഗത്തില്‍ നിദേശിച്ചു.

കെ.എൻ. ഉണ്ണികൃഷ്ണന്‍ എം.എല്‍.എ, സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ കെ മനോജ്കുമാര്‍, എറണാകുളം ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഷാജി മാധവന്‍, കെ.എസ്.ആര്‍.ടി.സി ഓപ്പറേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജി.പി പ്രദീപ്കുമാര്‍, കെ.എസ്.ആര്‍.ടി.സി സെന്‍ട്രല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ടി സെബി, ആര്‍.ടി.ഒ മാരായ പി.എം ഷബീര്‍, ആനന്ദകൃഷ്ണന്‍ എന്നിവര്‍ തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ പങ്കെടുത്തു

Tags:    
News Summary - City entry of private buses: Special scheme for Vypinkara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.