പി.ആർ. സുനു
കാക്കനാട്: കൂട്ടബലാത്സംഗ കേസിൽ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ കസ്റ്റഡിയിൽ. കോഴിക്കോട് കോസ്റ്റൽ പൊലീസ് എസ്.എച്ച്.ഒ പി.ആർ. സുനുവിനെയാണ് തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. തൃക്കാക്കരയിൽ താമസിക്കുന്ന യുവതിയുടെ പരാതിയിലാണ് കേസ്. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലെത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. അതേസമയം ചോദ്യംചെയ്യലിൽ യുവതിയുടെ പരാതിയിൽ കഴമ്പില്ലെന്നാണ് പൊലീസ് നിലപാട്. മറ്റൊരു കേസിൽ ജയിലിൽ കഴിയുന്ന വിമുക്ത ഭടന്റെ ഭാര്യയാണ് പരാതിക്കാരി.
കഴിഞ്ഞ മേയ് മാസത്തിൽ തൃക്കാക്കരയിലെ വീട്ടിലും കടവന്ത്രയിലും എത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. കേസിൽ സി.ഐക്ക് പുറമേ മറ്റു രണ്ടുപേരെയും കസ്റ്റഡിയിലെടുത്തിരുന്നു. യുവതി നൽകിയ തെളിവുകൾ പ്രകാരമുള്ള ചോദ്യം ചെയ്യലിൽനിന്ന് പരാതിയിൽ കഴമ്പില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം സി.ഐയെ വിട്ടയക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത മറ്റു രണ്ടുപേരെയും ചോദ്യം ചെയ്തശേഷം വിട്ടയച്ചതായാണ് വിവരം.
മരട് സ്വദേശിയായ സുനു സമാനമായ കേസില്‍ നേരത്തേയും അറസ്റ്റിലായിട്ടുണ്ട്. മുളവുകാട് സ്റ്റേഷനില്‍ ജോലി ചെയ്യവേ പരാതിയുമായെത്തിയ യുവതിയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു പരാതി. സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈകോടതി ജാമ്യം തള്ളിയതോടെ സുനുവിനെ അറസ്റ്റ് ചെയ്തു. സുനുവിനെതിരെ അന്ന് വകുപ്പുതല നടപടിയും സ്വീകരിച്ചിരുന്നു. ഇതിന് ശേഷമാണ് കോഴിക്കോട് കോസ്റ്റല്‍ പൊലീസിന്റെ ചുമതല നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.