ചേലാകർമത്തിനിടെ കുഞ്ഞിന്‍റെ മരണം: സ്വമേധയാ കേസെടുത്ത് ബാലാവകാശ കമീഷൻ

തിരുവനന്തപുരം: ചേലാകർമത്തിന് സ്വകാര്യ ക്ലിനിക്കിൽ എത്തിച്ച രണ്ടു മാസമുളള കുഞ്ഞ് മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമീഷൻ. 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമീഷന്‍റെ നിർദേശം.

കോഴിക്കോട് ചേളന്നൂരിലാണ് ചേലാകർമത്തിന് സ്വകാര്യ ക്ലിനിക്കിൽ എത്തിച്ച രണ്ടു മാസമുളള കുഞ്ഞ് മരിച്ചത്. ചേളന്നൂർ പള്ളിപ്പെയിൽ ബൈത്തുൽസലാമിൽ ഷാദിയ ഷെറിന്റെയും ഫറോക്ക് തിരുത്തിയാട് സ്വദേശി ഇംത്യാസിന്റെയും കൈക്കുഞ്ഞാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് കുഞ്ഞിനെ മാതാവും ബന്ധുക്കളും കാക്കൂരിലെ സ്വകാര്യ ക്ലിനിക്കിലേക്ക് ചേലാകർമത്തിന് കൊണ്ടുപോയത്. ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാതിരുന്ന കുഞ്ഞിനെ ക്ലിനിക്കിലെ നഴ്സിന് കൈമാറുകയായിരുന്നു.

കുറച്ചു സമയം കഴിഞ്ഞ ശേഷം ഡോക്ടർ എത്തി കുഞ്ഞിനെ മറ്റൊരു ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. കുറച്ച് മരുന്നു നൽകിയിരുന്നുവെന്നും ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടെന്നും ആംബുലൻസിൽ കൊണ്ടുപോവാൻ ഡോക്ടർ ആവശ്യപ്പെട്ടെന്നും ബന്ധുക്കൾ പറയുന്നു. ഉടൻ തന്നെ പ്രസവിച്ച ആശുപത്രിയിൽ കുഞ്ഞിനെ എത്തിച്ചു. അൽപനേരത്തിനു ശേഷം കുഞ്ഞു മരിച്ചതായി അറിയിക്കുകയായിരുന്നു.

അതേസമയം, കുഞ്ഞ് മരിച്ച സംഭവത്തിൽ ചികിത്സാ പിഴവില്ലെന്ന് സ്വകാര്യ ക്ലിനിക് അധികൃതർ പറഞ്ഞു. മാസംതികയാതെ പ്രസവിച്ച വിവരം കുടുംബം ഡോക്ടറെ അറിയിച്ചിരുന്നില്ല. ലോക്കൽ അനസ്തേഷ്യ കൊടുക്കാൻ ശ്രമിച്ചപ്പോൾ തന്നെ കുഞ്ഞിന് മാറ്റമുണ്ടായി. പീഡിയാട്രീഷ്യൻ ഇല്ലാത്തത് കൊണ്ടാണ് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചതെന്ന് ക്ലിനിക് ചെയർമാൻ അഷ്റഫ് വ്യക്തമാക്കി.

സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫിസറുടെ നിർദേശപ്രകാരം ആരോഗ്യ വകുപ്പും അന്വേഷണം തുടങ്ങി. സ്വകാര്യ ക്ലിനിക്കിൽ എത്തിയ അന്വേഷണ സംഘം കുഞ്ഞിന് നൽകിയ മരുന്നുകളുടെ വിശദാംശങ്ങൾ പരിശോധിച്ചു. അതിനിടെ ബന്ധുക്കളുടെ പരാതിയിൽ അസ്വഭാവിക മരണത്തിന് കാക്കൂർ പൊലീസ് കേസെടുത്തു.

മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

കുഞ്ഞിന് നൽകിയ മരുന്നും അതിന്‍റെ അളവും സംബന്ധിച്ച് ഫോറൻസിക് വിഭാഗവും റിപ്പോർട്ട് തേടിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കേസിൽ തുടർനടപടി സ്വീകരിക്കാനാണ് പൊലീസിന്‍റെ തീരുമാനം.

Tags:    
News Summary - Child's death during circumcision: Child Rights Commission registers suo motu case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.