കൽപറ്റ: വയനാട് മീനങ്ങാടി ബാലഭവനിലെ അന്തേവാസികളായ ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ വൈദികനെ പൊലീസ് പിടികൂടി. വിന്‍സെന്‍ഷ്യന്‍ സന്യാസസഭാംഗമായ കോഴിക്കോട് കുണ്ടുതോട് സ്വദേശി അവനങ്ങാട്ട് സജി ജോസഫാണ് (45) അറസ്റ്റിലായത്. പല സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന വൈദികൻ കുറച്ചു ദിവസമായി മംഗളൂരുവിലെ ബന്ധുവിെൻറ തോട്ടത്തിൽ താമസിച്ചു വരുകയായിരുന്നു. ഇവിടെനിന്നാണ് കൽപറ്റ ഡിവൈ.എസ്.പി മുഹമ്മദ് ഷാഫിയുടെയും മീനങ്ങാടി സി.ഐ പളനിയുടെയും നേതൃത്വത്തിലെ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച രാത്രിയോടെ താമരശ്ശേരി പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുട്ടികളുടെ പഠനത്തിനായി പ്രവര്‍ത്തിക്കുന്ന ബാലഭവെൻറ ചുമതലക്കാരനായിരുന്നു വൈദികൻ. ഇവിടത്തെ 14, 15 വയസ്സുകാരായ രണ്ടു കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. ഇരയായ കുട്ടിയിൽനിന്ന് സംഭവം മനസ്സിലാക്കിയ വീട്ടുകാർ വിവരം ചൈൽഡ് ലൈനിൽ അറിയിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ മറ്റൊരു കുട്ടിയെക്കൂടി ഇയാൾ പീഡിപ്പിച്ചതായി കണ്ടെത്തുകയും ചൈൽഡ് ലൈൻ പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
ഐ.പി.സി 377, കുട്ടികൾക്കെതിരായ അതിക്രമം തടയൽ നിയമം (പോക്സോ), ജുവൈനൽ ജസ്റ്റിസ് ആക്ട് എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഇതോടെ വൈദികൻ ഒളിവിൽ പോയി. കണ്ണൂർ കൊട്ടിയൂര്‍ സ്വദേശിയായ ഇയാള്‍ താമരശ്ശേരി കുണ്ടുതോടാണ് താമസം. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതും ആറു വര്‍ഷത്തോളം ജോലിചെയ്തതും ആന്ധ്രയിലായിരുന്നു. ഒളിവില്‍ കഴിഞ്ഞ സമയത്ത് രണ്ടു ദിവസം ആന്ധ്രയിലും പോയിരുന്നു. എറണാകുളത്തെ ബന്ധു വഴി ജാമ്യത്തിന് ഹൈകോടതിയെ സമീപിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. വൈദ്യപരിശോധനക്കുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.