വാൽപാറ ദുരന്തത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങൾ പാങ്ങ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പൊതുദർശനത്തിന് വെച്ചപ്പോൾ അന്ത്യോപചാരം അർപ്പിക്കാനെത്തിയ കുട്ടികൾ
മലപ്പുറം: വേനലധിക്ക് വിദ്യാലയതോട് വിട പറഞ്ഞ് വീടുകളിലേക്ക് പോയ കുരുന്ന് മനസ്സുകളും അവരുടെ രക്ഷിതാക്കളും ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല ഇങ്ങനൊരു വിധി. സ്കൂൾ അവധിക്ക് അടക്കുമ്പോൾ മനോഹരമായ ഒരു അവധിക്കാലം നേർന്നാണ് പ്രധാനധ്യാപിക പി.അജിത അടക്കമുള്ളവർ കുരുന്നുകളെ സന്തോഷത്തോടെ പറഞ്ഞയച്ചത്. അടുത്ത അധ്യയനത്തിന് കാണുമ്പോൾ വിശേഷങ്ങളും സന്തോഷങ്ങളും പങ്കുവെച്ചും വീണ്ടും ഒന്നിച്ച് കൂടാമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ആ പ്രതീക്ഷക്കാണ് വെള്ളിയാഴ്ച വാൾപ്പാറയിൽ മങ്ങലേറ്റത്. വൈകീട്ടോടെ സംഭവം പുറത്ത് വന്നതോടെ ഏവരിലും വൻ ഞെട്ടലായി മാറി.
കേട്ടവർക്ക് വിശ്വാസിക്കാൻ ഏറെ സമയമെടുത്തു. മിക്കവർക്കും ആ വാർത്ത ഉൾക്കൊള്ളാൻ കഴിയുന്നതിന് അപ്പുറമായിരുന്നു. ഇതോടെ ആളുകൾ സ്കൂളിലു പരിസരങ്ങളിലുമായി തടിച്ച് കൂടി. കേട്ടവർ നാടിന്റെ നാനാദിക്കുകളിൽ നിന്നും പാങ്ങിലേക്ക് ഒഴുകിയെത്തി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരുമടക്കം വൻ ജനാവലി പാങ്ങിലേക്ക് എത്തിയ കൂട്ടത്തിലുണ്ടായിരുന്നു. ശനിയാഴ്ച രാവിലെ തങ്ങളുടെ പ്രിയ അധ്യാപകരുടെ ഭൗതിക ശരീരം പാങ്ങ് ഗവ.ഹയർസെക്കൻഡറി സ്കൂളിലെത്തിച്ചപ്പോഴേക്കും പിഞ്ചു മുഖങ്ങൾ സ്കൂൾ അങ്കണത്തിലെത്തിയിരുന്നു. ഓരോത്തരും തങ്ങളുടെ പ്രിയ അധ്യാപികമാരെ ഒരു നോക്ക് കണ്ട് തങ്ങളുടെ അന്ത്യാഞ്ജലി അർപ്പിച്ചു. ക്ലാസുകളിൽ തങ്ങളെ പഠിപ്പിച്ചതും രസിപ്പിച്ചതുമെല്ലാം ഒരു നിമിഷം കുട്ടികളുടെ മനസ്സുകളിലുടെ കടന്ന് പോയി. പലർക്കും ഉള്ളിലുള്ള സങ്കടം കണ്ണീർ തുള്ളികളായി പുറത്ത് വന്നു. തങ്ങളുടെ ബാഷ്പാഞ്ജലിയിൽ വിട ചൊല്ലിയ കുരുന്നുകൾ ഗുരുക്കൻമാരുടെ നിത്യശാന്തിക്കായി പ്രാർത്ഥിച്ചു. രക്ഷിതാക്കളും തങ്ങളുടെ മക്കൾക്കൊപ്പം സ്ഥലത്ത് സന്നിഹിതരായിരുന്നു. കുട്ടികളോടൊപ്പം രക്ഷിതാക്കളോടും വലിയ ആത്മബന്ധം പുലർത്തിയവരായിരുന്നു ഈ പ്രിയ അധ്യാപകരെന്ന് സ്കൂൾ രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.