പയ്യന്നൂർ: കോവിഡ് കാലത്തെ കുട്ടികളുടെ ആശങ്കകളും ഓർമകളും ചിത്രീകരിച്ച് കടന്നപ്പള്ളി യു.പി സ്കൂളിലെ ചിൽഡ്രൻസ് തിയറ്റർ അംഗങ്ങളായ കൊച്ചു കൂട്ടുകാരുടെ ഷോട്ട് ഫിലിം ‘സർവൈവൽ’ ജനശ്രദ്ധയാകർഷിക്കുന്നു.
ലോക്ഡൗൺ കാലത്ത് പുറത്തുപോകാനാവാതെ വീട്ടിലിരിക്കുന്ന കുട്ടികൾ അവരുടെ ഓർമകളും കോവിഡിനെ നേരിടാൻ ഭൂതത്തെ കാണാൻ പോകുന്നതും അവസാനം ഒരുമയോടെ ചെറുത്തു നിൽക്കാനും സർക്കാർ നിർദേശങ്ങൾ പാലിച്ചുപോയാൽ മാത്രമേ കോവിഡിനെ നേരിടാൻ കഴിയുകയുള്ളൂവെന്നും ബോധ്യപ്പെടുത്തുകയാണ് ഈ ഹ്രസ്വ സിനിമയിലൂടെ ചെയ്യുന്നത്.
പൂർണമായും കുട്ടികൾ സ്വതന്ത്രമായാണ് ഈ സിനിമയുടെ എല്ലാ പ്രവർത്തനങ്ങളും നടത്തിയത്. കെ.കെ. ശ്രീരാഗ് ആണ് കാമറയും എഡിറ്റിങ്ങും നിർവഹിച്ചത്. ജി.എൻ. കാർത്തിക് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ കാർത്തികിനൊപ്പം, ദേവാംഗ്, രഘുറാം, അദ്വൈത് എന്നിവരും മുഖ്യവേഷത്തിലെത്തി.ഷോർട്ട് ഫിലിം ആദ്യ പ്രദർശനം ഡോ. ജിനേഷ് കുമാർ എരമം ഉദ്ഘാടനം ചെയ്തു.
കടന്നപ്പള്ളി യു.പി സ്കൂൾ ഹെഡ്മാസ്റ്ററും നാടകകൃത്തുമായ കെ.കെ. സുരേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.എം.ഇ. ചന്ദ്രാംഗദൻ, കെ. അജയൻ, കെ.പി. ഗംഗാധരൻ എന്നിവർ സംസാരിച്ചു. കാർത്തിക് സ്വാഗതവും കെ. ദേവാംഗ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.