കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ സന്ദർശനത്തിന്‍റെ ഭാഗമായി കോഴിക്കോട്ടും കരുതൽ തടങ്കലിൽ. രണ്ട് കെ.എസ്.യു നേതാക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്‍റ് സൂരജ്, എലത്തൂർ ബ്ലോക്ക് പ്രസിഡന്‍റ് രാഗിൻ എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയത്.
ചുങ്കം ജംങ്ഷനിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വരുന്നതും കാത്ത് നിൽക്കുകയായിരുന്ന ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഇവരെ പ്രദേശത്ത് നിന്ന് പൊലീസ് നീക്കുകയും ചെയ്തു. കരുതൽ തടങ്കലിന്‍റെ ഭാഗമായാണ് കസ്റ്റഡിയിലെടുക്കുന്നതെന്ന് പൊലീസിന്‍റെ വിശദീകരിക്കുന്നു.
ഇന്നലെ മുഖ്യമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് കണ്ണൂരും പാലക്കാടും കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കിയിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി യു.ഡി.എഫ് നേതാക്കളെയാണ് കരുതൽ തടങ്കലിലാക്കിയത്. യൂത്ത് ലീഗ് നേതാവും കീഴല്ലൂര്‍ പഞ്ചായത്ത് അംഗവുമായ ഷബീര്‍ എടയന്നൂര്‍, കോണ്‍ഗ്രസ് നേതാവ് സുരേഷ് ബാബു എളയാവൂര്‍ എന്നിവരെയാണ് കരുതല്‍ തടങ്കലിലാക്കിയത്.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനു നേരെ പാലക്കാട് ചാലിശ്ശേരിയിലും തലശ്ശേരിയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി ഉയർത്തി പ്രതിഷേധിച്ചു. തദ്ദേശ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ പാലക്കാട് ഹെലികോപ്ടറിലെത്തിയ മുഖ്യമന്ത്രി ഉദ്ഘാടന വേദിയായ അൻസാരി കൺവൻഷൻ സെന്ററിലേക്ക് പോകുമ്പോഴാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശിയത്.
തലശ്ശേരി ചിറക്കര പള്ളിത്താഴയിൽ ശനിയാഴ്ച വൈകീട്ട് അഞ്ചോടെ ടൗൺഹാളിൽ പരിപാടി കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനു നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.