മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ഇനിമുതൽ ഐ.പി.എസുകാർക്കും

തിരുവനന്തപുരം: വിശിഷ്ടസേവനത്തിനും ധീരതക്കുമുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ഇനിമുതൽ ഐ.പി.എസ് ഉദ്യോഗസ്ഥർക്കും. എന്നാൽ, കളങ്കിതർക്ക് മെഡൽ ലഭിക്കില്ല. കുറഞ്ഞത് പത്ത് വര്‍ഷം സര്‍വിസുള്ള, അതിൽതന്നെ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും സ്റ്റേഷൻ ഡ്യൂട്ടിയിൽ ഏർപ്പെട്ടവരായിരിക്കണം. സി.പി.ഒ മുതല്‍ എസ്.ഐവരെയുള്ളവര്‍ക്കാണ് ഈ നിബന്ധന.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്സനൽ സ്റ്റാഫിലുള്ളവർ അനർഹമായി ഈ മെഡൽ നേടുന്നെന്ന ആക്ഷേപത്തിന്‍റെ പശ്ചാത്തലത്തിലാണ് ഈ നിബന്ധന കൊണ്ടുവന്നത്. അതിന്‍റെ ഭാഗമായി മെഡലുകളുടെ എണ്ണം 300 ആയി ഉയർത്തി. നിലവിൽ 285 മെഡലുകളാണ് വിതരണം ചെയ്തുവന്നത്. എന്നാൽ, മെഡല്‍ ലഭിക്കാനുള്ള വനിത പൊലീസുകാരുടെ ചുരുങ്ങിയ സര്‍വിസ് കാലാവധി പത്ത് വര്‍ഷത്തില്‍നിന്ന് ഏഴ് വർഷമായി കുറച്ചു.

ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഒഴിവാക്കാനായി വകുപ്പുതല അന്വേഷണമോ വിജിലന്‍സ് അന്വേഷണമോ നിലവിലുണ്ടാകരുതെന്നും പത്ത് വര്‍ഷത്തിനിടെ അച്ചടക്ക നടപടി നേരിട്ടവരായിരിക്കരുതെന്നുമുള്ള മാനദണ്ഡം കർശനമായി പാലിക്കണം. നിലവിൽ നോൺ ഐ.പി.എസ് ഉദ്യോഗസ്ഥർവരെ റാങ്കിലുള്ള ഉദ്യോഗസ്ഥരായിരുന്നു മെഡലിന് യോഗ്യർ. എന്നാൽ, ഇനിമുതൽ ഐ.പി.എസ് ഉദ്യോഗസ്ഥരായ കുറഞ്ഞത് രണ്ട് പേർക്ക് ഈ മെഡൽ ലഭിക്കും.

സംസ്ഥാന പൊലീസ് മേധാവിയുടെ അപേക്ഷകൂടി പരിഗണിച്ചാണ് ഈ തീരുമാനം. സ്പെഷൽ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും ഈ മെഡലിന് യോഗ്യരായിരിക്കും. നിലവിൽ ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെയും പുരസ്കാരങ്ങളാണ് ലഭിച്ചുവരുന്നത്.

മെഡലിന് അര്‍ഹരായവരെ ഇനിമുതൽ മേലുദ്യോഗസ്ഥര്‍ക്ക് നാമനിര്‍ദേശം നൽകാൻ സാധിക്കും. അനർഹരെ മെഡലിനായി ശിപാർശ ചെയ്താൽ മേലുദ്യോഗസ്ഥനെതിരെ നടപടിക്കും സാധ്യതയുണ്ട്. പൊലീസ് മെഡലുകൾ സംബന്ധിച്ച് പല ആക്ഷേപങ്ങളും നേരത്തേതന്നെ നിലവിലുണ്ട്. ഇത്തരത്തിൽ സംസ്ഥാന സർക്കാർ ശിപാർശ ചെയ്ത ഉദ്യോഗസ്ഥരിൽനിന്ന് ഒരു കേന്ദ്ര ആഭ്യന്തരമന്ത്രാലയം മെഡൽ തിരിച്ച് വാങ്ങുകയും ചെയ്തിരുന്നു.

അതിനുശേഷം രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ കൃത്യമായ റിപ്പോർട്ടുകൾക്കുശേഷം കേന്ദ്രത്തിന് പേര് സമർപ്പിക്കുന്നത്. അതിന് സമാനമായ നടപടികളാണ് മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിനായും ഇനിമുതൽ പരിഗണിക്കുക.

Tags:    
News Summary - Chief Minister's Police Medal is now available to IPS officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.