തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മംഗളൂരു സ്റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. കേരളത്തിന്റെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തെയും ഭാവി വികസന സാധ്യതകളെയും ബാധിക്കാവുന്ന ഇത്രയും പ്രധാനപ്പെട്ട ഒരു തീരുമാനം സംബന്ധിച്ച് കേരള സർക്കാരുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ് റെയിൽവേ ബോർഡ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
മംഗളൂരു മേഖല വെട്ടിമാറ്റിയതിനെതിരെ കേരളത്തിൽ പ്രതിഷേധം കനക്കുകയാണ്. റെയിൽവേ ബോർഡിന്റെ തീരുമാനം ഏകപക്ഷീയമാണെന്ന് മുഖ്യമന്ത്രി നേരത്തെ ആരോപിച്ചിരുന്നു. വളരെ പ്രധാനപ്പെട്ട മംഗലാപുരം ജങ്ഷൻ ഒഴിവാക്കിയതിലൂടെ പാലക്കാട് ഡിവിഷന്റെ വരുമാനം ഗണ്യമായി കുറയുകയും ഇത് ഡിവിഷന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും മുഖ്യമന്ത്രിയുടെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
നിലവിൽ സതേൺ റെയിൽവേയിൽ ഉൾപ്പെട്ട ഉള്ളാൾ മുതൽ മംഗളൂരു വരെയുള്ള പ്രദേശങ്ങൾ സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ ലയിക്കുന്നതോടെ സതേൺ റെയിൽവേക്കും കേരളത്തിനും വലിയ നഷ്ടമാണ് സംഭവിക്കുന്നത്. സംസ്ഥാനത്തെ അറിയിക്കുകയോ ഏതെങ്കിലും തരത്തിലുള്ള ചർച്ചകൾ നടത്തുകയോ ചെയ്യാതെയാണ് പാലക്കാട് ഡിവിഷനെ വിഭജിക്കാൻ തീരുമാനിച്ചിരിക്കുന്നത്. തീരുമാനം പുനഃപരിശോധിക്കണമെന്നത് കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യമാണ്.
അടിയന്തരമായ പ്രശ്നപരിഹാരം ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിനെ സമീപിക്കും. പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും കത്തയക്കും. സംസ്ഥാനത്തെ എം.പിമാരുടെ കൂടി സഹകരണത്തോടെ തീരുമാനം പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാരിന് മേൽ സമ്മർദം ചെലുത്തുമെന്നും വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ അടിയന്തര റിപ്പോർട്ട് തേടുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.