കൊച്ചി: വിദേശനിക്ഷേപം ആകർഷിക്കുന്നതിനും വിജ്ഞാനാധിഷ്ഠിത സമൂഹമായി മാറുന്നതിനുമുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് ഊർജം പകരാൻ ന്യൂജഴ്സിയിൽനിന്ന് നിക്ഷേപകരെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി ഗ്രാൻഡ് ഹയാത്തിൽ ന്യൂജഴ്സി ഗവർണർ ഫിൽ മർഫിയുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ നിക്ഷേപ സാധ്യതകൾ വിലയിരുത്തുന്നതിനായാണ് ന്യൂജഴ്സി ഗവർണർ ഫിൽ മർഫിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കൊച്ചിയിലെത്തിയത്. കേരളത്തിന്റെയും ന്യൂജഴ്സിയുടെയും വികസന രംഗത്തെ സമാനതകൾ ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ന്യൂജഴ്സിയിലെ വ്യവസായ പ്രമുഖരെ കേരളത്തിൽ നിക്ഷേപിക്കാൻ മുഖ്യമന്ത്രി ക്ഷണിച്ചു. ന്യൂജഴ്‌സിയും കേരളവും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് ഫിൽ ഡി മർഫി മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി. ഭാര്യ ടമ്മി മർഫിയും ന്യൂജേഴ്സിയിൽനിന്നുള്ള പ്രതിനിധികളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
മന്ത്രി പി. രാജീവ്, കോർപറേഷൻ മേയർ എം. അനിൽകുമാർ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെ.എം.ആർ.എൽ എം.ഡി. ലോക്നാഥ് ബഹ്റ, ഡൽഹിയിലെ കേരള സർക്കാർ പ്രതിനിധി പ്രഫ. കെ.വി. തോമസ്, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലി, സ്റ്റാർട്ടപ് മിഷൻ സി.ഇ.ഒ അനൂപ് അംബിക, കലക്ടർ ജി. പ്രിയങ്ക, സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ തുടങ്ങിയവർ പങ്കെടുത്തു
ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലിയുടെ ആതിഥേയത്വത്തിൽ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ കേരളത്തിന്റെ സ്നേഹോപഹാരം മുഖ്യമന്ത്രി ന്യൂജഴ്സി ഗവർണർക്ക് സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.