തിരുവനന്തപുരം: മുൻ മന്ത്രിയും ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് നേതാവുമായ വി.കെ ഇബ്രാഹിം കുഞ്ഞിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നാലുതവണ എം.എൽ.എയും രണ്ടുതവണ മന്ത്രിയുമായിരുന്ന ഇബ്രാഹിം കുഞ്ഞ് മധ്യ കേരളത്തിലെ മുസ്‌ലിം ലീഗിന്റെ ശബ്ദമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ട്രേഡ് യൂണിയൻ രംഗത്തും സജീവമായി പ്രവർത്തിച്ചിരുന്ന നേതാവാണ് ഇബ്രാഹിം കുഞ്ഞെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
മുൻ മന്ത്രിയും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.കെ. ഇബ്രാഹിം കുഞ്ഞ് (73) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. ഏറെനാളായി അർബുദബാധിതനായി ചികിത്സയിലായിരുന്നു.
മധ്യകേരളത്തിൽ ലീഗിന്റെ മുഖമായിരുന്ന ഇബ്രാഹിംകുഞ്ഞ് 2001 ലും 2006 ലും മട്ടാഞ്ചേരിയില്‍ നിന്നും 2011ലും, 2016ലും കളമശ്ശേരിയിൽ നിന്നും വിജയിച്ച് നിയമസഭയിലെത്തി. രണ്ടു തവണ മന്ത്രിയുമായി. പി.കെ കുഞ്ഞാലിക്കുട്ടിയുടെ രാജിയെ തുടർന്നാണ് 2005-ൽ വ്യവസായ വകുപ്പ് മന്ത്രി സ്ഥാനത്തേക്ക് വരുന്നത്.
മട്ടാഞ്ചേരി നിയോജക മണ്ഡലത്തിൻറെ അവസാന എം.എൽ.എയും കളമശ്ശേരി എന്ന പുതിയ മണ്ഡലത്തിൻറെ പ്രഥമ ജനപ്രതിനിധിയുമാണ്. 2005 മുതൽ മെയ് 2006 വരെ വ്യവസായ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായും, 2011 മുതൽ 2016 വരെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.
എറണാകുളം ജില്ലയിലെ കൊങ്ങോർപ്പിള്ളിയിൽ വി.യു ഖാദറിൻറെയും ചിത്തുമ്മയുടേയും മകനാണ്. ഭാര്യ നദീറ, മക്കൾ; അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ, വി.ഇ. ആബ്ബാസ്, വി.ഇ അനൂപ്. പഠനകാലത്ത് തന്നെ രാഷ്ട്രീയ പ്രസ്ഥാനത്തിലും പൊതുപ്രവർത്തനത്തിലും വ്യാപൃതനായി.
മുസ്‌ലിം ലീഗിന്റെ വിദ്യാർഥി സംഘടനയായ എം.എസ്.എഫിലൂടെയാണ് ഇബ്രാഹിംകുഞ്ഞിൻറെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ആരംഭം. പിന്നീട് യൂത്ത് ലീഗ്, ജില്ലാ മുസ്‌ലിം ലീഗ് എന്നിവയുടെ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്.
എം.എസ്.എഫ് കാലഘട്ടത്തിന് ശേഷം സെക്രട്ടറി സ്ഥാനവും പിന്നീട് ജനറൽ സെക്രട്ടറി, പ്രസിഡന്റ് എന്നീ സ്ഥാനവും അലങ്കരിച്ചു. സുദീർഘമായ കാൽ നൂറ്റാണ്ടോളം ഈ പദവികൾ വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.