കൊച്ചി: ചെമ്പിരിക്ക-മംഗലാപുരം ഖാദി സി.എം. അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം അവസാനിപ്പിച്ച് സി.ബി.െഎ സമർപ്പിച്ച അന്തിമറിപ്പോർട്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി.
കോടതി നിർദേശിച്ച സുപ്രധാന കാര്യങ്ങൾ അന്വേഷണത്തിൽ ഉൾപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. തുടരന്വേഷണത്തിനും സി.ബി.െഎക്ക് നിർദേശം നൽകി. അന്വേഷണത്തിൽ ആത്മഹത്യയുമായി ബന്ധപ്പെട്ട് പഠിക്കുന്ന വിദഗ്ധരുടെ അഭിപ്രായവും സഹായവും തേടണമെന്ന് നിർദേശിച്ചെങ്കിലും ഇത് പാലിച്ചതായി അന്വേഷണ റിപ്പോർട്ടിൽ കാണുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
മരണവുമായി ബന്ധപ്പെട്ട അന്തിമ നിഗമനത്തിലെത്തുംമുമ്പ് മെഡിക്കൽ ടീമിെൻറ അഭിപ്രായം തേടണമെന്ന നിർദേശം പാലിച്ചില്ലെന്നും കോടതി കുറ്റപ്പെടുത്തി. പാറക്കെട്ടിന് മുകളിൽ മൗലവിക്ക് എത്തിപ്പെടാൻ കഴിയുമോ എന്നതുസംബന്ധിച്ച് ശാസ്ത്രീയമായി അന്വേഷിക്കണമെന്ന നിർദേശവും പാലിച്ചില്ലെന്ന് വ്യക്തമാക്കിയാണ് കോടതി സി.ബി.െഎ റിപ്പോർട്ട് മടക്കിയത്.
രണ്ടുമാസം മുമ്പാണ് മൗലവിയുടേത് ആത്മഹത്യയായിരുന്നെന്ന മുൻ റിപ്പോർട്ടുകളിലെ നിരീക്ഷണങ്ങൾ ആവർത്തിച്ച് സി.ബി.െഎ അന്വേഷണം അവസാനിപ്പിച്ചത്. സി.ബി.െഎ റിപ്പോർട്ട് ചോദ്യംചെയ്ത് മൗലവിയുടെ മകൻ മുഹമ്മദ് ഷാഫി നൽകിയ ഹരജി പരിഗണിച്ചാണ് കോടതി വീണ്ടും അന്വേഷിക്കാൻ നിർദേശിച്ചത്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടുകള്‍, വിദഗ്ധരുടെ നിരീക്ഷണങ്ങൾ എന്നിവ പരിഗണിക്കുമ്പോള്‍ കൊലപാതകത്തിനുള്ള സാധ്യതയോ ആത്മഹത്യപ്രേരണ നല്‍കിയതിനോ തെളിവില്ലെന്നായിരുന്നു സി.ബി.െഎ വാദം. മൗലവിയുടെ മരണവുമായി ബന്ധെപ്പട്ട് വെളിപ്പെടുത്തൽ നടത്തിയ ഒാേട്ടാ ഡ്രൈവർ ആദൂർ അഷ്റഫ് എന്നയാളുടെ മൊഴി കളവായിരുന്നെന്നും സി.ബി.െഎ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
2010 ഫെബ്രവരി 15നാണ് ഖാദിയുടെ മൃതദേഹം ചെമ്പിരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിന് സമീപം കണ്ടെത്തിയത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സി.ബി.െഎ ഏറ്റെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.