പ്രതീകാത്മക ചിത്രം

‘പുതിയ കോച്ച് ഫാക്ടറികൾ ആവശ്യമില്ല’-കഞ്ചിക്കോട് പദ്ധതി ഉപേക്ഷിച്ചു; കേരളത്തിന് അതിവേഗ റെയില്‍ പദ്ധതികളും ഇല്ല

ന്യൂഡൽഹി: പാലക്കാട് കഞ്ചിക്കോട് സ്ഥാപിക്കുമെന്ന് ദീർഘകാലമായി വാ​ഗ്ദാനം ചെയ്തിരുന്ന കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചതായി കേന്ദ്ര സർക്കാർ. പുതിയ കോച്ച് ഫാക്ടറികൾ ആവശ്യമില്ലെന്നും നിലവിലെ ഫാക്ടറികൾ റെയിൽവേയുടെ ആവശ്യം നിറവേറ്റാൻ പര്യാപ്തമാണെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ വ്യക്തമാക്കി.

ജോൺ ബ്രിട്ടാസ് എം.പി ഉന്നയിച്ച ചോദ്യത്തിനായിരുന്നു റെയിൽവേ മന്ത്രിയുടെ മറുപടി. നിലവിൽ ഏറ്റെടുത്ത ഭൂമി റെയിൽവേയുടെ ഭാവി പദ്ധതികൾക്കായി ഉപയോഗപ്പെടുത്തുമെന്നും കൂട്ടിച്ചേർത്തു.

കേരളത്തിന്‍റെ അതിവേഗ റെയില്‍ പദ്ധതികളായ സില്‍വര്‍ലൈനും തിരുവനന്തപുരം–കണ്ണൂര്‍ ഹൈസ്പീഡ് റെയില്‍ പദ്ധതിയും ഉപേക്ഷിച്ചിട്ടുണ്ട്. ഇ. ശ്രീധരന്‍ സമര്‍പ്പിച്ച ഹൈസ്പീഡ് പദ്ധതി നിര്‍ദേശം നിലവിലെ രൂപത്തില്‍ നടപ്പിലാക്കാന്‍ സാധിക്കില്ലെന്നാണ് സംസ്ഥാനം നിശ്ചയിച്ച വിദഗ്ധ സമതി അറിയിച്ചതെന്ന് അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. കേരളത്തിലെ റെയില്‍വെ വികസനത്തിന് മുന്‍നിശ്ചയിച്ച മറ്റു പദ്ധതികളുണ്ടെന്നും അറിയിച്ചു.

കേരളത്തിലെ വടക്കുമുതല്‍ തെക്കുവരെയുള്ള റെയില്‍‌ ശ്രംഖലയുടെ ശേഷി വര്‍ധിപ്പിക്കുന്നതായി ഒട്ടേറെ സര്‍വേകളും നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം പദ്ധതികള്‍ മുന്നോട്ടുകൊണ്ടു പോകുന്നതിന് വെല്ലുവിളിയാണ്. കേരളത്തിലെ റെയില്‍വെ വികസനത്തിന് ആവശ്യമായ 618 ഹെക്ടര്‍ ഭൂമിയില്‍ 78 ഹെക്ടര്‍ മാത്രമേ ഇതുവരെ ഏറ്റെടുത്തിട്ടുള്ളൂ. ഭൂമി ഏറ്റെടുക്കുന്നതിനായി 1,976 കോടി രൂപ സര്‍ക്കാറിന് കൈമാറിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മംഗളൂരു-കാസര്‍കോട്-ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍-എറണാകുളം, തിരുവനന്തപുരം-കായംകുളം, ഷൊര്‍ണൂര്‍-കോയമ്പത്തൂര്‍ പാതകളില്‍ പുതിയ മൂന്നും നാലും വരി നിര്‍മിക്കുന്നതിനുള്ള ഫീല്‍ഡ് ലൊക്കേഷന്‍ സർവേ പൂര്‍ത്തിയായിട്ടുണ്ട്. കോട്ടയം വഴിയുള്ള എറണാകുളം–കായംകുളം മൂന്നാംപാതയുടെ സർവേയും പൂര്‍ത്തിയായെന്ന് റെയില്‍വെ മന്ത്രി അറിയിച്ചു.

2008-09ലെ റെയിൽവേ ബജറ്റിലാണ് കഞ്ചിക്കോട് കോച്ച് ​ഫാക്ടറി പ്രഖ്യാപിച്ചത്. 1,215 കോടി രൂപയിലധികം നിക്ഷേപവും പ്രതിവർഷം 600 കോച്ചുകൾ നിർമിക്കാനുള്ള ശേഷിയുമുള്ള ഫാക്ടറിയാണ് വിഭാവനം ചെയ്തിരുന്നത്. പദ്ധതിക്കായി കേരള സർക്കാർ ആവശ്യമായ ഭൂമി ലഭ്യമാക്കുകയും 2012 ഫെബ്രുവരിയിൽ പദ്ധതിയുടെ തറക്കല്ലിടുകയും ചെയ്തിരുന്നു. 228 ഏക്കര്‍ ഭൂമിയാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കിയത്. ഈ ഭൂമി ഭാവി വികസന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്നാണ് റെയില്‍വെ മന്ത്രിയുടെ വിശദീകരണം.

അതേസമയം, കഞ്ചിക്കോടിനൊപ്പം പ്രഖ്യാപിച്ച റായ്‌ബറേലിയിലും പിന്നീട്‌ പ്രഖ്യാപിച്ച ബംഗാളിലെ കാഞ്ചപ്രയിലും ഹരിയാനയിലെ സോനിപത്തിലും കോച്ച്‌ ഫാക്ടറി പ്രവർത്തിക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.