തിരുവനന്തപുരം: കിഫ്ബി, പെൻഷൻ കമ്പനി എന്നിവ എടുക്കുന്ന വായ്പ സംസ്ഥാനത്തിന്റെ കടപരിധിയിൽ ഉൾപ്പെടുത്തിയത് ബജറ്റിലെ വികസന പദ്ധതികൾക്കും സാമൂഹിക സുരക്ഷാ പെൻഷൻ, ലൈഫ് മിഷൻ, വിദ്യാഭ്യാസം, ആരോഗ്യം അടക്കം ചെലവുകൾക്കും ഭീഷണിയാകുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. ഈ ചെലവുകൾക്ക് പണം കണ്ടെത്താൻ ബുദ്ധിമുട്ട് ഉണ്ടാകും.
സംസ്ഥാനത്തിന്റെ ധനകാര്യ അധികാരങ്ങളെ ഹനിക്കുന്നതാണ് കേന്ദ്ര നടപടിയെന്നും ചട്ടം 300 പ്രകാരം നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ ധനമന്ത്രി പറഞ്ഞു.
ഭരണഘടനയുടെ അന്തഃസത്ത മാനിക്കാതെയുള്ള കേന്ദ്രനടപടി സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ഭാവിയെ ബാധിക്കുന്നതും ഫെഡറലിസത്തെ തകർക്കുന്നതുമാണ്.ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ സാമ്പത്തിക സംവിധാനത്തെ അട്ടിമറിക്കാൻ കേന്ദ്രസർക്കാർ നിരന്തര ശ്രമങ്ങളാണ് നടത്തുന്നത്. ഈ ശ്രമങ്ങളിൽ പലതും സംസ്ഥാനങ്ങളുടെ താൽപര്യങ്ങൾക്ക് എതിരും കേരളത്തിന്റെ പുരോഗതിയെ അട്ടിമറിക്കുന്നതുമാണ്.
ഏകദേശം 7000 കോടി രൂപയുടെ റവന്യൂ കമ്മി ഗ്രാന്റ് കുറവുവരുത്തിയതും, സംസ്ഥാനത്തിന് ലഭിക്കേണ്ട 12,000 കോടിയോളം രൂപയുടെ ജി.എസ്.ടി നഷ്ടപരിഹാരം തുടർന്ന് നൽകാൻ കേന്ദ്ര സർക്കാർ വിസമ്മതിച്ചതും സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യത്തെ സാരമായി ബാധിച്ചു. ഇതിനുപുറമേ, സംസ്ഥാനത്തിനു ലഭിക്കേണ്ട വായ്പപരിധി മൂന്നര ശതമാനമാക്കി കുറച്ചു.
കിഫ്ബി, കേരള സ്റ്റേറ്റ് സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിനായി നൽകുന്ന ഗാരന്റി സർക്കാറിന്റെ കടബാധ്യതയായി നിർവചിച്ചതിനാൽ 14,000 കോടി സർക്കാറിന്റെ കടമായി വിലയിരുത്തിയിരിക്കുകയാണ്. ഇതുമൂലം കടമെടുപ്പ് പരിധിയിൽ ഈ വർഷം 3,578 കോടിയുടെ കുറവ് വരുത്തി. കേന്ദ്ര നിലപാട് കാരണം 2021-22നെ അപേക്ഷിച്ച് ഏകദേശം 23,000 കോടിയുടെ കുറവാണ് ഈ സാമ്പത്തിക വർഷം മാത്രം സംഭവിച്ചിരിക്കുന്നത്. സംസ്ഥാനം കഠിനാധ്വാനം ചെയ്ത് കെട്ടിപ്പടുത്ത സാമൂഹിക-സാമ്പത്തിക സുരക്ഷാ സംവിധാനത്തിന്റെ ഭദ്രതക്ക് ഇതു പ്രഹരമേൽപിക്കും. ബാങ്കുകളുടെ മേലുള്ള ആർ.ബി.ഐ നിയന്ത്രണങ്ങൾ സംസ്ഥാന സർക്കാറുകളുടെ പദ്ധതികളുടെമേൽ മാത്രമാണ്. കേന്ദ്രസർക്കാർ, അതിന്റെ പൊതുമേഖലാ ഏജൻസികളും കോർപറേഷനുകളും മുഖേന ഏറ്റെടുക്കുന്ന പദ്ധതികൾക്ക് ഈ നിയന്ത്രണങ്ങൾ ബാധകമാക്കുന്നില്ലെന്നത് വിരോധാഭാസമാണ്.
സംസ്ഥാന സർക്കാറിനെ അപകീർത്തിപ്പെടുത്താനും വികസന അജണ്ടയും പുരോഗതിയും തടയാനുമുള്ള ഗൂഢമായ ശ്രമമാണ് ആദായനികുതി വകുപ്പ് നടത്തുന്നതെന്നും പ്രസ്താവനയിൽ ധനമന്ത്രി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.